പത്തനംതിട്ട: ലോക മാനസികരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹാരം കാണാന്‍ യുവതലമുറ തയ്യാറാകണമെന്ന് പ്രസിഡന്റ് പറഞ്ഞു. യുവജനങ്ങളുടെ മാനസികാരോഗ്യം എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെയും നഴ്‌സിംഗ് വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ കോഴഞ്ചേരി ടൗണിലേക്ക് റാലി നടത്തി.
മാനസികമായി പ്രയാസം അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളെപ്പറ്റി വിവിധ കോളജുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ഉപന്യാസം, പോസ്റ്റര്‍ പ്രദര്‍ശനം മത്സരങ്ങളില്‍ കോന്നി എന്‍എസ്എസ് കോളേജിലെ ലിന്‍സി, ആര്‍ഷ എന്നിവര്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ കരസ്ഥമാക്കി. പ്രളയദുരിതത്തില്‍ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനം കാഴ്ച വച്ചവരെ യോഗത്തില്‍ അഭിനന്ദിച്ചു.
ഇലന്തൂര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികളും, കാഞ്ഞീറ്റുകര ആശുപത്രി ജീവനക്കാരും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ആശുപത്രി സൂപ്രണ്ട് ഡോ.എസ്.സുഭഗന്‍, സൈക്യാട്രി വിഭാഗം മേധാവി ഡോ.എസ്.പ്രതിഭ, ആര്‍.എം.ഓ ഡോ.ജീവന്‍, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാര്‍, നഴ്‌സിംഗ് സൂപ്രണ്ട് സതിമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.