കൊച്ചിയെ മാലിന്യമുക്തമാക്കി മാറ്റുന്ന നഗരം സുന്ദരം ക്യാമ്പയിന്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കും. മാലിന്യ സംസ്‌കരണത്തില്‍ ജനങ്ങളുടെ ഉത്തരവാദിത്വം ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിനിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

മാലിന്യ സംസ്‌ക്കരണത്തിന് കൊച്ചിയെ ലോകത്തിന് മുന്നില്‍ മികച്ച മാതൃകയാക്കി മാറ്റും. കൊച്ചി കോര്‍പ്പറേഷനു പുറമേ തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ, കളമശ്ശേരി നഗരസഭകളിലും മുളവുകാട്, ചേരാനല്ലൂര്‍ പഞ്ചായത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മൂന്നുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ്തല സമിതികള്‍ രൂപീകരിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യങ്ങള്‍ ശേഖരിച്ച് ശുചിത്വമിഷന്‍ എംപാനല്‍ഡ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ തരം തിരിക്കും. താല്‍ക്കാലിക മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ എല്ലാ വാര്‍ഡുകളിലും രൂപീകരിച്ചാണ് മാലിന്യങ്ങള്‍ തരംതിരിക്കുക. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മാലിന്യം വേര്‍തിരിക്കുന്ന പ്രക്രിയ നേരിട്ട് കണ്ട് മനസിലാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കും. ക്യാമ്പയിനിന്റെ ഭാഗമായി സെമിനാറുകളും സംഘടിപ്പിക്കും.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷെഫീഖ്, എറണാകുളം ആര്‍.ടി.ഒ ജി.അനന്തകൃഷ്ണന്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ല കോ ഓഡിനേറ്റര്‍ എസ്.രഞ്ജിനി, ഹുസൂര്‍ ശിരസ്തദാര്‍ ബി. അനില്‍കുമാര്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ധന്യ ജോസി, കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് എസ്.വിനു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.