*നാട്ടിക മണ്ഡലത്തിൽ നവകേരള സദസ്സ് ഡിസംബർ 5 ന്


സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലുമായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിലൂടെ നവകേരള നിർമ്മിതി വേഗത്തിലാക്കാനാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നാട്ടിക നിയോജകമണ്ഡലംതല നവ കേരള സദസ്സ് സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അത്യപൂർവ്വമായ ജനകീയ മുന്നേറ്റമാണ് നവ കേരള സദസ്സിലൂടെ സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നത്. കേരളം കണ്ട പ്രളയവും കോവിഡും ഉൾപ്പെടെയുള്ള എല്ലാ പ്രതിസന്ധികളെയും സർക്കാർ ഇച്ഛക്തിയോടെ നേരിട്ടു. ലോകത്തെ സമ്പന്ന രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ കേരളത്തിന്റെ ആരോഗ്യമേഖല ഉൾപ്പെടെ വളർന്നു. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി സ്വന്തമായി ഭൂമിയും വീടും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും എല്ലാം ഒരുക്കിക്കൊണ്ട് പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.

തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 1501 അംഗ സംഘാടകസമിതി രൂപീകരിച്ചു. ചെയർമാനായി നാട്ടിക നിയോജക മണ്ഡലം എംഎൽഎ സി സി മുകുന്ദൻ, കൺവീനർ ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, രക്ഷാധികാരികളായി മുൻ കൃഷിവകുപ്പ് മന്ത്രി വി ആർ സുനിൽകുമാർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ എന്നിവരെ തിരഞ്ഞെടുത്തു. 101 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും 12 ജോയിന്റ് കൺവീനർമാരെയും 12 വൈസ് ചെയർമാൻമാരെയും 11 സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. ഡിസംബർ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് തൃപ്രയാർ ബസ് സ്റ്റാൻഡിന് പരിസരത്തുള്ള ഗ്രൗണ്ടിലാണ് നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്.

യോഗത്തിൽ ജനപ്രതിനിധികൾ, വകുപ്പ്തല ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾതുടങ്ങിയവർ പങ്കെടുത്തു.