*കേരളത്തനിമയുള്ള ഗാനങ്ങളാലപിച്ച് 1001 കുട്ടികൾ

           കേരളത്തിന്റെ സമസ്ത സൗന്ദര്യവും സവിശേഷതകളും തുളുമ്പുന്ന വരികൾ പാടി കാട്ടാക്കടയിലെ ആയിരത്തൊന്ന് കുരുന്നുകൾ കേരളീയം മഹോത്സവത്തിന് സംഗീതസാന്ദ്രമായ അകമ്പടിയേകി. ‘കാട്ടാലാരവം’ – കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന പേരിൽ ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ തൂങ്ങാംപാറ ശ്രീ കാളിദാസ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 23 സ്‌കൂളുകളിലെ 1001 കുട്ടികളുടെ സംഘഗാനാലാപന സദസ്സാണ് വേറിട്ട അനുഭവമായത്. മലയാളത്തിൻ നാടാണ്, നന്മനിറഞ്ഞൊരു നാടാണ്, നാനാജാതി മാനവരെന്നും പരിലസിക്കുന്നൊരു മലനാട് എന്ന ഗാനം ഈണത്തിൽ പാടി തുടങ്ങിയ പരിപാടിയിൽ കേരളത്തിന്റെ തനിമയും സാംസ്‌കാരിക സവിശേഷതകളും സമ്പന്നമായ പൈതൃകവും വിളിച്ചോതുന്ന ആറ് ഗാനങ്ങളാണ് കുട്ടികൾ ഒരുമിച്ച് ചേർന്ന് ആലപിച്ചത്.

           കേരളത്തെക്കുറിച്ച് പാടാനായി മാത്രം ഇത്രയും കുട്ടികൾ ഒരുമിച്ച് ചേർന്നത് ഒരു ചരിത്ര സംഭവമാണെന്ന് കുട്ടികളോട് സംവദിക്കവെ ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. നമ്മളെങ്ങനെ നമ്മളായെന്ന് ഓർക്കാനുള്ള അവസരമാണ് കേരളീയം. കേരളം ഇന്ന് എന്താണ്, നാളെ എന്താകും എന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് കേരളീയത്തിലൂടെ. വിദ്യാർഥികളും യുവാക്കളും വിദേശത്തേക്ക് കുടിയേറുന്നത് മൂലം സംഭവിക്കുന്ന മസ്തിഷ്‌ക ചോർച്ചയിൽ നിന്ന് മസ്തിഷ്‌ക നേട്ടമുള്ള നാടാക്കി കേരളത്തെ മാറ്റണം.നമ്മൾ ഇതുവരെ എന്ത് നേടി എന്ന് പരിശോധിക്കുന്നതിനൊപ്പം വികസിത രാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങൾ ഇപ്പോഴേ കൈവരിക്കാൻ നാം എന്താണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കാനുള്ള ശ്രമവുമാണ് കേരളീയമെന്ന് അദ്ദേഹം പറഞ്ഞു.

           തിരുവനന്തപുരം ജില്ലക്കാർ ഇതുവരെ കണ്ട ഓണാഘോഷങ്ങൾ 50 എണ്ണം ചേർത്തുവെച്ചാലുണ്ടാകുന്നത്ര വിപുലമായ ആഘോഷങ്ങളാണ് കേരളീയത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു. ആ ദിവസങ്ങളിൽ കേരളമാകെ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തും. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ നമുക്ക് കേരളത്തെ ശരിയായ വിധത്തിൽ അറിയില്ലെന്നും കേരളത്തെ അറിയാനും പരിചയപ്പെടുത്താനുമുള്ള അവസരമായി കേരളീയത്തെ മാറ്റണമെന്നും എം എൽ എ കുട്ടികളോട് പറഞ്ഞു. ഇത്രയും മനോഹരമായ പരിപാടി സംഘടിപ്പിച്ച കാട്ടാക്കട മണ്ഡലത്തിലെ അധ്യാപകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും എം എൽ എ പറഞ്ഞു.

           കാട്ടാക്കട മണ്ഡലത്തിലെ സ്‌കൂളുകളിൽ മൽസരം നടത്തി തെരെഞ്ഞെടുത്ത 1001 കുട്ടികൾക്ക് രണ്ടാഴ്ചയോളം സംഗീത അധ്യാപകർ പരിശീലനം നൽകിയാണ് കാട്ടാലാരവത്തിനായി ഒരുക്കിയത്. മലയിൻകീഴ് ഗവ ഗേൾസ് എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അനഘ സംഘഗാനത്തിന് നേതൃത്വം നൽകി. മലയാളത്തിൻ നാടാണ്, കേരളമെന്നുടെ ജന്മദേശം, ജയജയ കോമള കേരള ധരണി, കേരളം കേരളം കേളികൊട്ടുയരുന്ന കേരളം, കേരളം മോഹനമതിസുന്ദരം, പാരിന് പരിഭൂഷ ചാർത്തിടും എന്നീ ഗാനങ്ങളാണ് ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ചേർന്ന് ആലപിച്ചത്.

           സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും പരിപാടിയോടനുബന്ധിച്ച് നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി.സുരേഷ് കുമാർ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, വിവിധ ജനപ്രതിനിധികൾ, അധ്യാപകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.