ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിലമേല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഷീ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. നിലമേല്‍ എസ് എച്ച് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിയാസ് മാറ്റാപള്ളി അധ്യക്ഷനായി. 180 വനിതകള്‍ പങ്കെടുത്തു. രോഗംനിര്‍ണയം നടത്തി മരുന്നുകള്‍ വിതരണം ചെയ്തു. തുടര്‍ചികിത്സ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികള്‍, എ പി എച്ച് സികള്‍ വഴി ലഭ്യമാകും.
ഗുഡ് ഹെല്‍ത്ത് പ്രാക്ടീസസ്, സ്ട്രെസ് മാനേജ്മെന്റ്, മെന്‍സ്ട്രല്‍ ഹെല്‍ത്ത്, തൈറോയിഡ്, ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിക്സ് എന്നിവയെ കുറിച്ച് കുമ്മിള്‍ ഡിസ്‌പെന്‍ സറി മെഡിക്കല്‍ ഓഫീസര്‍ അരുണാ പാര്‍വതി ബോധവല്‍ക്കരണ ക്ലാസ് നല്‍കി. കൗമാരക്കാരായ കുട്ടികള്‍ക്ക് ആര്‍ത്തവ ആരോഗ്യത്തിന് വേണ്ടിയിട്ടുള്ള പ്രത്യേക ക്ലാസുകളും ചികിത്സയും നടന്നു. നിലമേല്‍ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ സീമ പദ്ധതി വിശദീകരിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ ഹരീന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സി എസ് പ്രദീപ്, എച്ച് എം സി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
