അടുത്ത വർഷം ആദ്യത്തിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ ചുമതലയുള്ള അഡീഷണല്‍ സി.ഇ.ഒ ഷര്‍മിള സി., അഡീഷണല്‍ സി.ഇ.ഒ കൃഷ്ണദാസന്‍ പി., സെക്ഷന്‍ ഓഫീസര്‍മാരായ ശിവ്‌ലാല്‍ ആര്‍.വി, അരുണ്‍ എസ്.ആര്‍ എന്നിവര്‍ പങ്കെടുത്തു.
കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സി.ഇ.ഒ നിര്‍ദ്ദേശം നല്‍കി. സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടര്‍പട്ടിക ഈ മാസം 27 നും അന്തിമ പട്ടിക ജനുവരി അഞ്ചിനും പ്രസിദ്ധീകരിക്കും. വോട്ടവകാശമുള്ള എല്ലാവരെയും ഉള്‍പ്പെടുത്തി തെറ്റില്ലാത്ത വോട്ടര്‍പട്ടിക തയ്യാറാക്കാന്നതിന് മുന്തിയ പരിഗണന നല്‍കണമെന്നും പോളിങ് സ്‌റ്റേഷുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ശ്രദ്ധവേണമെന്നും സി.ഇ.ഒ നിര്‍ദ്ദേശിച്ചു. വോട്ടര്‍ബോധവത്ക്കരണത്തിനുള്ള സ്വീപിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ജില്ലാ കളക്ടറും പൊന്നാനിയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാണ് ഇത്തവണ വരണാധികാരികള്‍. യോഗത്തില്‍ എ.ഡി.എം മെഹറലി എന്‍.എം, സബ് കളക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സച്ചിന്‍ കുമാര്‍ യാദവ്, അസി. കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഇലക്ഷ,ന്‍ ഡെപ്യൂട്ടി കളക്ടര്‍ എ. രാധ, ഉപവരണാധികാരികള്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തുടര്‍ന്ന് താലൂക്ക്തല ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗത്തിലും സി.ഇ.ഒ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.