സര്‍ക്കാര്‍ വാഹനങ്ങളുടെ കൃത്യമായ പരിപാലനം ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി കൃഷി മന്ത്രി പി. പ്രസാദ്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എം.എല്‍.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുതിയ ആംബുലന്‍സിന്റെ
ഫ്ലാ​ഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മുഴുവന്‍ ജനങ്ങള്‍ക്കും മെച്ചപ്പെട്ട സേവനം നല്‍കി ചേര്‍ത്തല താലൂക്ക് ആശുപത്രിയെ മികച്ച ആശുപത്രിയാക്കി മാറ്റണം. അതിനാവശ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

25 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക സംവിധാനമുള്ള ആംബുലന്‍സാണ് വാങ്ങിയത്. ചടങ്ങില്‍ ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.എസ് അജയകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ശോഭ ജോഷി, എ. സാബു, മുന്‍ ചെയര്‍മാന്മാരായ അഡ്വ.പി.ഉണ്ണികൃഷ്ണന്‍, വി.ടി.ജോസഫ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, സൂപ്രണ്ട് ഡോ.സുജ അലോഷ്യസ്, ആര്‍.എം.ഒ.ഡോ.എ. അജ്മല്‍, നേഴ്‌സിംഗ് സൂപ്രണ്ട് കെ. ഇന്ദിര, ആശുപത്രി വികസന സമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.