സംസ്ഥാനത്ത് 2025 നവംബർ ഒന്നോടെ അതിദരിദ്രരായ ഒരു കുടുംബവും ഇല്ലാത്ത വിധത്തിൽ കേരളത്തെ മാറ്റണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മതിലകം ഗ്രാമ പഞ്ചായത്തിലെ ബദർപ്പള്ളി മാണിയംകാട് ക്ഷേത്രം എമ്മാട് ബ്ലോക്ക് ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അതിദരിദ്രരെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടുവരാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുകയാണ്. കുടുംബശ്രീ മുഖേനയാണ് അതിദരിദ്രരെ കണ്ടെത്തിയിരിക്കുന്നത്.
അതിദരിദ്രരെ കണ്ടെത്തുക, അവകാശമായ സാമൂഹിക ക്ഷേമ പെൻഷൻ മുടക്കില്ലാത്ത ജനങ്ങളിലേക്ക് എത്തിക്കുക, ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം, പാലങ്ങൾ, ജലമെട്രോ തുടങ്ങി വിഴിഞ്ഞം കടപ്പുറത്ത് കപ്പലിറക്കിയത് ഉൾപ്പെടെ കേരളത്തിന്റെ ഭൗതിക വികസന നേട്ടങ്ങളുടെ കാലമാണിത്.
കേരളത്തിന്റെ സമഗ്രമായ വികസനമാണ് ഈ സർക്കാരിന്റെ കൈമുദ്രയെന്നും ജനങ്ങളെ കേൾക്കാനും സംവേദിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ്സിന് ഡിസംബർ ആറിന് 11 മണിക്ക് കയ്പമംഗലം നിയോജക മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 47.10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം. ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ജയ എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ മതിലകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് രാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രിയ ഹരിലാൽ, എം കെ പ്രേമൻ, സുമതി സുന്ദരൻ, വാർഡ് മെമ്പർ വി എസ് രവീന്ദ്രൻ, പാപ്പിനിവട്ടം ബാങ്ക് പ്രസിഡന്റ് സി കെ ഗോപിനാഥൻ, വാർഡ് വികസന സമിതി അംഗം എം എ ബിനേഷ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.