വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ  വി ആർ വിനോദ് അറിയിച്ചു. ചൊവ്വാഴ്ച തവനൂരിലെ സർക്കാർ വൃദ്ധസദനം സന്ദർശിച്ച ജില്ലാ കളക്ടർ അന്തേവാസികളുടെ ജീവിത സാഹചര്യങ്ങൾ വിലയിരുത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
നല്ല ഭക്ഷണവും മികച്ച പരിചരണവും അന്തേവാസികൾക്ക് ലഭിക്കുന്നുണ്ടെങ്കിലും എന്തെങ്കിലും പ്രവൃത്തികൾ ചെയ്യാൻ അവസരമില്ലെന്നാണ് അവർ കളക്ടറോട് പറഞ്ഞത്. അവരവർക്ക് വൈദഗ്ധ്യമുള്ള പ്രവൃത്തികളിൽ ഏർപ്പെടാനുള്ള സൗകര്യം വേണമെന്ന് പലരും ആഗ്രഹം പങ്കുവെച്ചു. വസ്ത്രങ്ങളും മറ്റും തയ്ക്കാൻ അറിയുന്നവരും കരകൗശല വിദഗ്ധരും മോട്ടിവേഷൻ ക്ലാസുകൾ എടുക്കാൻ കഴിയുന്നവരുമൊക്കെ അവരുടെ കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വിവിധ ആക്ടിവിറ്റികൾ ചെയ്യുന്നതിനും കളികളിലും വിനോദങ്ങളിലും ഏർപ്പെടുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടത് ചെയ്യുമെന്ന് കളക്ടർ അറിയിച്ചു. ഡെപ്യൂട്ടി കളക്ടർ ജെ. ഒ. അരുൺ ജില്ലാ കളക്ടറെ അനുഗമിച്ചു. അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കളക്ടർ മടങ്ങിയത്.