ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലെ കുടുംബശ്രീ എ ഡി എസ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. കുടുംബശ്രീയുടെയും റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിക്കലും നടന്നു. കലാപരിപാടികളും അരങ്ങേറി.

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയന്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.