നെല്ലിപ്പൊയിൽ, തൃക്കൈക്കുത്ത്, അത്തിക്കാട് പ്രദേശങ്ങളിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്ക് ഭൂമി കൈമാറുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ആദിവാസി പുനരധിവാസ വികസന മിഷൻ യോഗം തീരുമാനിച്ചു. നിലമ്പൂർ ഫോറസ്റ്റ് റേഞ്ചിലുള്ള തൃക്കൈക്കുത്ത്, നെല്ലിപ്പൊയിൽ, എടവണ്ണ റേഞ്ചിലെ അത്തിക്കാട് എന്നീ പ്രദേശങ്ങളിലെ ഭൂമിയാണ് ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് കൈമാറുന്നത്.

നിക്ഷിപ്തവനഭൂമിയിലെ കാടുവെട്ടി  വിതരണത്തിന് സജ്ജമാക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ഇതിനായി രൂപീകരിച്ച സാങ്കേതിക സമിതിക്ക് യോഗം അംഗീകാരം നൽകി. തൃക്കൈക്കുത്ത് ബീറ്റിൽ പൊതുആവശ്യത്തിന് അനുവദിച്ച ഭൂമിയിൽ നിന്ന് 50 സെന്റ് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമാണത്തിന് മാറ്റിവയ്ക്കും. കണ്ണൻകുണ്ട് മോഡൽ ട്രൈബൽ വില്ലേജിൽ അങ്കണവാടി, കളിസ്ഥലം, കുടുംബാരോഗ്യകേന്ദ്രം എന്നിവയ്ക്ക് ഭൂമി അനുവദിക്കാനും യോഗം തീരുമാനിച്ചു. പെരിന്തൽമണ്ണ സബ്കലക്ടർ ശ്രീധന്യ സുരേഷ്, ഡപ്യൂട്ടി കലക്ടർമാരായ ഡോ.ജെ.ഒ അരുൺ, അൻവർ സാദത്ത്, കെ.ലത, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ കെ.എസ് ശ്രീരേഖ, എ.സി.എഫ് രവീന്ദ്രനാഥൻ.എം.പി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു