പ്ലാസ്റ്റിക് സംഭരണത്തിനായി ഹബ്ബ് സംവിധാനമൊരുക്കി നെന്മേനി ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു. പ്ലാസ്റ്റിക് ബോട്ടിലുകളും കഴുകിയ കവറുകളും പൊതുജനങ്ങളില്‍ നിന്നു ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹബ്ബ് സ്ഥാപിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി-താളൂര്‍ അന്തര്‍സംസ്ഥാന പാതയോരത്ത് അമ്മായിപ്പാലത്താണ് ഹബ്ബ് സ്ഥിതിചെയ്യുന്നത്. 15 ദിവസം കൂടുമ്പോഴോ ഹബ്ബ് നിറയുമ്പോഴോ പഞ്ചായത്തിലെ ഹരിത വളണ്ടിയര്‍മാരെത്തി ഹരിതമിഷന്‍ കമ്പനിക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈമാറുന്ന തരത്തിലാണ് പ്രവര്‍ത്തനം ഏകീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടില്‍ ഹബ്ബ് സംവിധാനം വിജയംകണ്ടാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഇതെ മാതൃക സ്ഥാപിക്കാനാണ് തീരുമാനം. ഹബ്ബിന്റെ ഉദ്ഘാടനം നെന്മേനി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.കെ. രാമചന്ദ്രന്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം പി.കെ. സത്താര്‍ അദ്ധ്യക്ഷനായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നവാസ്, എ.ഡി.എസ്. സെക്രട്ടറി സുനിത ബിജു, ദിനേശന്‍, ഷേര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.