സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സംഘാടക സമിതിയായി


സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാകര ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ വിജയത്തിനായി എല്ലാതുറയിലെയും ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ജനുവരി നാല് മുതല്‍ എട്ടു വരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാനവേദിയായിവുക ആശ്രാമം മൈതാനിയാണ്. 10,000 ല്‍പ്പരം വിദ്യാര്‍ഥികള്‍ 239 ഇനങ്ങളിലായി പങ്കെടുക്കുന്ന കൗമാരകലയുടെ ഉത്സവത്തിനാണ് കൊല്ലം സാക്ഷിയാവുക. നീണ്ട 15 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കൊല്ലംജില്ല സംസ്ഥാന കലോത്സവത്തിന് വേദിയാവുന്നത്.

പരിപാടിയുടെ വിജയത്തിനായി 21 സബ്കമ്മികള്‍ രൂപീകരിക്കേണ്ടതുണ്ട്. കലോത്സവ ചരിത്രത്തില്‍ ആദ്യ കലാപ്രതിഭയായത് സിനിമാതാരം വിനീത് ആണ്. ഇത്തരത്തില്‍ നിരവധി കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവത്തിന് കഴിഞ്ഞിട്ടുണ്ട്. അനാരോഗ്യകരമായ മത്സര പ്രവണത കാരണമാണ് ഇത്തരം പുരസ്‌കാരങ്ങള്‍ നിര്‍ത്തലാക്കിയതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാഥിതിയായി. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം എല്‍ എമാരായ എം നൗഷാദ്, ജി എസ് ജയലാല്‍, സുജിത് വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, അഡീ. ഡയറക്ടര്‍ സി എ സന്തോഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക് ടര്‍ റസീന എം ജെ തുടങ്ങിയവര്‍ സംസാരിച്ചു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി തുടങ്ങിയവരാണ് മുഖ്യരക്ഷാധികാരികള്‍. മന്ത്രി കെ എന്‍ ബാലഗോപാല്‍ ചെയര്‍മാനും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക് ടര്‍ സി എ സന്തോഷ് ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയില്‍ ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, മുന്‍മന്ത്രിമാര്‍, മുന്‍ എം പി-എം എല്‍ എമാര്‍, പൗരപ്രമുഖര്‍, ജില്ലാ കലക് ടര്‍, സിറ്റിപൊലീസ് കമ്മീഷ്ണര്‍, റൂറല്‍ എസ് പി തുടങ്ങിയവരെ ഉള്‍പ്പെടുത്തി രക്ഷാധികാരികളെയും തിരഞ്ഞെടുത്തിട്ടുണ്ട്.