ഇന്ത്യയെ ഭാരതമാക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന അവസ്ഥയാണ് സംജാതമാകുന്നതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്ത്യ എന്നാല്‍ ഭാരതം യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. എന്നാല്‍, ഇന്ത്യ മാറ്റി ഭാരതമാക്കുന്നതിലൂടെ യൂണിയന്‍ മാത്രമാകും.

സംസ്ഥാനങ്ങളുടെ കൂട്ടായ്മ എന്നത് ഇല്ലാതാകും. മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ വെച്ചൂച്ചിറ മധു രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘വൃത്താന്തവഴിയില്‍’ പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകമെങ്ങും പത്രങ്ങള്‍ക്ക് പരിമിതികള്‍ കൂടി വരുന്നു. ന്യൂസ് ക്ലിക്കിനുണ്ടായ അനുഭവം സ്വതന്ത്രപത്രപ്രവര്‍ത്തനത്തിനെതിരായ നീക്കമാണെന്ന് മന്ത്രി പറഞ്ഞു

കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി പുസ്തകം ഏറ്റുവാങ്ങി. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായി. ഗ്രന്ഥകര്‍ത്താവ് വെച്ചൂച്ചിറ മധു ആമുഖപ്രഭാഷണംനടത്തി. വീക്ഷണം മാനേജിങ് എഡിറ്റര്‍ ശൂരനാട് രാജശേഖരന്‍, ഇ ഷാനവാസ്‌ഖാൻ, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജി ബിജു എന്നിവർ സംസാരിച്ചു. മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ സ്വാഗതവും കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി സനല്‍ ഡി പ്രം നന്ദിയും പറഞ്ഞു. സാംസ്‌കാരിക മാധ്യമ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.