രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം നടന്നു
യുവ വോട്ടര്‍മാരെ കണ്ടെത്തി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രീയ കക്ഷികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വോട്ടര്‍ പട്ടികയുടെ കരട് ഇന്ന് (ഒക്ടോബര്‍ 27) പ്രസിദ്ധീകരിക്കും.
കരട് പട്ടികയില്‍ എന്തെങ്കിലും ആക്ഷേപങ്ങളോ അപേക്ഷകളോ ഉണ്ടെങ്കില്‍ ഡിസംബര്‍ ഒന്‍പത് വരെ പരിഹരിക്കാന്‍ സാധിക്കും. ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവരെയും മരണപ്പെട്ടവരുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെയും കണ്ടെത്താനും പുതിയ വോട്ടര്‍മാരുടെ പേര് ചേര്‍ക്കാനും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ യുവ വോട്ടര്‍മാരുടെ എണ്ണം വോട്ടര്‍ പട്ടികയില്‍ കുറവാണ്. ചെറുപ്പക്കാരെയും 18 വയസ് പൂര്‍ത്തിയായവരെയും പട്ടികയില്‍ ചേര്‍ക്കുന്നതിനുള്ള ശ്രമം ഉണ്ടാവണം. നല്ല രീതിയില്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ജില്ലാ കലക്ടറും ആലത്തൂര്‍ മണ്ഡലത്തില്‍ എ.ഡി.എമ്മും വരണാധികാരി ആകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ വോട്ടിങ് മെഷീനുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതായും ഭവന സന്ദര്‍ശനം സമയബന്ധിതമായി പൂര്‍ത്തിയായതായും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ആധാര്‍ വെരിഫിക്കേഷനും അപേക്ഷ ഫോറങ്ങളും പൂര്‍ത്തീകരിച്ച് ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ ബി.എല്‍.ഒ എ. അബ്ദു, ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തിലെ ബി.എല്‍.ഒ വി. ഗംഗാദേവി എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്‍കി. യോഗത്തില്‍ സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, എ.ഡി.എം കെ. മണികണ്ഠന്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി. സുനില്‍ കുമാര്‍, ആര്‍.ഡി.ഒ. ഡി. അമൃതവല്ലി, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണ, മറ്റ് അസംബ്ലി മണ്ഡലങ്ങളിലെ ആര്‍.ഒമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ് എന്നിവര്‍ പങ്കെടുത്തു.
രണ്ട് വരണാധികാരി വരുന്നത് ഇങ്ങനെ
ഒരു ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളും ചേര്‍ന്ന് ഒരു ലോക്‌സഭ മണ്ഡലം രൂപപ്പെടുകയാണെങ്കില്‍ അതിന്റെ റിട്ടേണിങ് ഓഫീസര്‍ ജില്ലാ കലക്ടര്‍ ആയിരിക്കും. പാലക്കാട് ജില്ലയിലെ നാല് അസംബ്ലി മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളും ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ എ.ഡി.എം ആയിരിക്കും ഇവിടുത്തെ റിട്ടേണിങ് ഓഫീസര്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലവിലുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്.
ജില്ലയിലെ മൊത്തം പോളിങ് ബൂത്തുകള്‍ 2108
ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി ഉള്‍ക്കൊള്ളുന്ന വോട്ടര്‍മാരുടെ എണ്ണം 1500 ആയി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിധി നിര്‍ണയിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ചങ്ങലീരി എ.യു.പി സ്‌കൂളില്‍ ഉണ്ടായിരുന്ന ഏഴു ബൂത്തുകളില്‍ 70, 72 എന്നീ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം താരതമ്യേന കുറവായതിനാലും (രണ്ടും ചേര്‍ത്ത് ആകെ 1157 പേര്‍) ഇവയുടെ പോളിങ് പ്രദേശം പരസ്പരം ചേര്‍ന്ന് കിടക്കുന്നതായതിനാലും എല്ലാവരുടെയും സൗകര്യാര്‍ത്ഥം ഈ ബൂത്തുകള്‍ ഒന്നാക്കി മാറ്റുന്നതിന് ശിപാര്‍ശയും നല്‍കിയിരുന്നു. ഇപ്രകാരം രണ്ടു ബൂത്തുകള്‍ ഒന്നിപ്പിച്ചതിനാല്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ 181 പോളിങ് സ്റ്റേഷനുകള്‍ 180 ആയും ജില്ലയിലെ മൊത്തം ബൂത്തുകള്‍ 2109 ല്‍ നിന്നും 2108 ആയും മാറിയിട്ടുണ്ട്.