ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ നവ കേരള സദസ്സിന്റെ മികച്ച പ്രവര്‍ത്തനത്തിനായി രൂപീകരിച്ച സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഒക്ടോബര്‍ 30, 31 തീയതികളിലായി പഞ്ചായത്ത് തലത്തില്‍ സംഘാടകസമിതി രൂപീകരണ യോഗം ചേരാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

നവംബര്‍ 3, 4 തീയതികളിലായി വിവിധ സബ് കമ്മിറ്റികളുടെ യോഗം ചേരും. പരിപാടിയുടെ പൂര്‍ണ്ണ നടത്തിപ്പിനായി മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും സേവനം ഉറപ്പുവരുത്തും. ഡിസംബര്‍ ആറിന് ഇരിങ്ങാലക്കുട നഗരസഭ മൈതാനത്താണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.

ഓരോ സബ് കമ്മിറ്റിയുടെയും ചുമതലകള്‍ മന്ത്രി വിശദീകരിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍, പിടിഎ പ്രസിഡണ്ട്മാര്‍, എന്‍സിസി, എന്‍എസ്എസ്, വായനശാലയിലെ സെക്രട്ടറിമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി 500 ഓളം അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പഞ്ചായത്തിലെ സംഘാടക സമിതി രൂപീകരിക്കുന്നത്.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, വെള്ളങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ലത സഹദേവന്‍, ടി വി ലത, സീമ പ്രേം രാജ്, കെ എസ് തമ്പി, കെ എസ് ധനീഷ്, ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ആര്‍ഡിഒ എം കെ ഷാജി, തഹസില്‍ദാര്‍ കെ ശാന്തകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.