നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് പുരസ്കാരം നൽകും. പത്ര, ദൃശ്യ, ശ്രാവ്യ ഓൺലൈൻ മാധ്യമങ്ങൾക്കായി നാലു മാധ്യമ അവാർഡുകളും പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോഗ്രാഫർ, മികച്ച ക്യാമറാമാൻ എന്നിവർക്കായി മൂന്നു വ്യക്തിഗത അവാർഡുകളും ഉൾപ്പെടെ ആകെ ഏഴു മാധ്യമ അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമ അവാർഡ് ജേതാക്കൾക്ക് 10,000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും.
2023 ഒക്ടോബർ 17 മുതൽ നവംബർ 8 വരെ തീയതികൾക്കുള്ളിൽ പ്രിസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തിട്ടുള്ളതോ ആയ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പുമായി ബന്ധപ്പെട്ട വാർത്തകളും റിപ്പോർട്ടുകളുമാണ് അവാർഡിനായി പരിഗണിക്കുന്നത്. ദൃശ്യ, ശ്രവ്യ ഓൺലൈൻ മാധ്യമങ്ങളുടെ എൻട്രികൾ (വീഡിയോ, ഓഡിയോ, റിപ്പോർട്ടുകൾ എന്നിവ) പെൻഡ്രൈവിൽ ഉൾപ്പെടുത്തിയോ klibf2022mediaawards@gmail.com ഇ-മെയിൽ മുഖേനയോ ലഭ്യമാക്കണം. അച്ചടിമാധ്യമങ്ങളുടെ എൻട്രികളുടെ അസൽ, ആയതിന്റെ മൂന്ന് പകർപ്പുകൾ (ബന്ധപ്പെട്ട മാധ്യമത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയത്) സഹിതം ലഭ്യമാക്കണം. എൻട്രികൾ ലഭ്യമാക്കേണ്ട അവസാന തീയതി നവബംർ 15നു വൈകിട്ട് അഞ്ചു മണി. മാധ്യമ അവാർഡ് സംബന്ധിച്ച എല്ലാ പരാതികൾക്കുമുള്ള അന്തിമ തീരുമാനം നിയമസഭാ സെക്രട്ടേറിയറ്റിൽ നിക്ഷിപ്തമായിരിക്കമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.