വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 സംസ്ഥാനതല ഉദ്ഘാടനം നടന്നു

വോട്ട് ചെയ്യുക എന്നത് നമ്മുടെ അവകാശമാണെന്ന് മനസിലാക്കി എല്ലാവരും തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് അഡീഷണല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുമായ സി. ഷര്‍മ്മിള. അഗളി ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാ(സ്വീപ്പ്)മിന്റെ ഭാഗമായി വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 സംസ്ഥാനതല ഉദ്ഘാടനവും കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് പ്രകാശനവും സി.ഇ.ഒ നിര്‍വഹിച്ചു.

കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ പേര് ചേര്‍ക്കാനുള്ള അവസരം അടുത്ത ഒന്നര മാസം പ്രയോജനപ്പെടുത്തണമെന്നും ഇനിവരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒരാളും വോട്ട് ചെയ്യാതിരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും സി. ഷര്‍മ്മിള പറഞ്ഞു. ബി.എല്‍.ഒമാര്‍ വീടുകളിലെത്താത്ത ഉള്‍പ്പെട്ട പരാതികള്‍  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറെ അറിയിക്കാമെന്നും അവര്‍ പറഞ്ഞു.

ജനങ്ങള്‍ ജനാധിപത്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കണം: ജില്ലാ കലക്ടര്‍

ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ജനങ്ങള്‍ ജനാധിപത്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാ(സ്വീപ്പ്)മിന്റെ ഭാഗമായി വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും പങ്കെടുക്കണമെന്നും ഭാവിയിലെ വോട്ടര്‍മാരായ കുട്ടികള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വികസനത്തിന് കാരണം ജനാധിപത്യ പ്രവര്‍ത്തനത്തില്‍ കൃത്യമായ പങ്കെടുക്കുന്ന ജനങ്ങളാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പരിപാടിയ്ക്ക് മുന്നോടിയായി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസ് മുതല്‍ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാള്‍ വരെ നടന്ന റാലി അഡിഷണല്‍ സെക്രട്ടറിയും  അഡീഷണല്‍ ചീഫ് ഇലക്ടല്‍ ഓഫീസറുമായ സി. ഷര്‍മിള ഫ്ളാഗ് ഓഫ് ചെയ്തു. ഷൊര്‍ണൂര്‍ തോല്‍പ്പാവക്കൂത്ത് കലാകേന്ദ്രത്തിലെ പെണ്‍ പാവക്കൂത്ത് സംഘത്തിന്റെ തോല്‍പ്പാവക്കൂത്ത്, പുത്തൂര്‍ സി.വി.എന്‍ കളരി സംഘത്തിന്റെ കളരിപ്പയറ്റ്, ആനവായ് പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍, തെരഞ്ഞെടുപ്പിന്റെ ചരിത്രം പറയുന്ന ചിത്ര പ്രദര്‍ശനം എന്നിവ നടന്നു.
പരിപാടിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ഡോ. എസ്. ചിത്ര അധ്യക്ഷയായി. ജില്ലാ സ്വീപ് നോഡല്‍ ഓഫീസറും അസിസ്റ്റന്റ് കലക്ടറുമായ ഒ.വി  ആല്‍ഫ്രഡ്, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഷോളയൂര്‍, അഗളി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, അംബിക ലക്ഷ്മണന്‍, ഡെപ്യൂട്ടി ഡി.ഇ.ഒയും ഡെപ്യൂട്ടി കലക്ടറുമായ(തെരഞ്ഞെടുപ്പ്) പി. സുനില്‍കുമാര്‍, അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, ജനറല്‍ വിഭാഗം സെക്ഷന്‍ ഓഫീസര്‍ ആര്‍. ശിവലാല്‍ എന്നിവര്‍ പങ്കെടുത്തു.