ചൊവ്വന്നൂര്‍ ബ്ലോക്കിന്റെ ക്ഷീര സംഗമം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിന് മൂല്യവര്‍ദ്ധിത ക്ഷീരോല്‍പ്പന്ന മേഖലകളിലേക്കും ക്ഷീര കര്‍ഷകര്‍ കടന്നുവരണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. പഴഞ്ഞി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ജറുസലേം ഹാപ്പി ഹോമില്‍ നടന്ന സംഗമത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷയായി. ചൊവ്വന്നൂര്‍ ക്ഷീരവികസന ഓഫീസര്‍ സി ജെ ജാസ്മിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ വീണ പദ്ധതി വിശദീകരിച്ചു

ഏറ്റവുമധികം പാല്‍ സഭരണം നടത്തിയ ക്ഷീര സംഘത്തേയും ക്ഷീരോത്പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംഘങ്ങളേയും ആദരിച്ചു. പഴഞ്ഞി ക്ഷീര സംഘം പ്രസിഡന്റ് പി കെ അരവിന്ദന്‍ സ്വാഗതവും ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ പി ജി ഗിനിക നന്ദിയും പറഞ്ഞു. രാവിലെ പാല്‍ ഗുണമേന്‍മ വര്‍ദ്ധനവും ക്ഷീര മേഖലയും എന്ന വിഷയത്തില്‍ സെമിനാറും, വിവിധ പാല്‍ ഉല്‍പന്നങ്ങളുടെയും, കാലിത്തീറ്റകളുടേയും പ്രദര്‍ശനവും സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ എസ് രേഷ്മ, അഡ്വ. കെ രാമകൃഷ്ണന്‍, പി ഐ രാജേന്ദ്രന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.