– ജില്ലാതല ബഡ്സ് കലോത്സവം വർണ്ണശലഭങ്ങൾ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

-‘വ്യത്യസ്തശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി സർക്കാർ എന്നും ഒപ്പമുണ്ടാകും’

സമൂഹത്തിലെ നിരവധി സാധ്യതകൾ
വ്യത്യസ്ത ശേഷിയുള്ളവർക്കായി ഒരുക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല ബഡ്സ് കലോത്സവം ‘വർണ്ണശലഭങ്ങൾ 2023’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യത്യസ്ത ശേഷിയുള്ള കുട്ടികൾ പരിഗണന അർഹിക്കുന്നത് അവർ പിന്നോക്കം ആയതുകൊണ്ടല്ല, ആ തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം. വ്യത്യസ്തശേഷിയുള്ള കുട്ടികൾക്കായി അനവധി സാധ്യതകൾ ഒരുക്കി എടുക്കുന്നതിൽ ഉത്തരവാദിത്വം പൊതു സമൂഹത്തിനുണ്ടെന്നും കുട്ടികളുടെ ആവശ്യങ്ങൾക്കും പോരായ്മകൾ നികത്താനായും സർക്കാർ ഒപ്പം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വ്യത്യസ്ത ശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തിട്ടുള്ള മാതാപിതാക്കളെയും അധ്യാപകരെയും കുടുംബശ്രീയെയും മന്ത്രി അനുമോദിച്ചു. നിലവിൽ കുട്ടികളും അമ്മമാരും ചേർന്ന് വിപണിയിൽ വിറ്റഴിക്കുന്ന ഉത്പന്നങ്ങളുടെ ബ്രോഷർ പ്രകാശനവും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്നു. ചേർപ്പ് ബഡ്സ് സ്കൂളിലെ അശ്വിൻ ശ്രീകുമാർ വരച്ച മന്ത്രി കെ രാജന്റെ ചിത്രവും ചടങ്ങിൽ കൈമാറി.

കുടുംബശ്രീ മിഷൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തുന്ന ബഡ്സ്/ ബിആർസി സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സർഗാത്മകത പ്രദർശിപ്പിക്കാനായും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷൻ ‘വർണ്ണ ശലഭങ്ങൾ 2023’ സംഘടിപ്പിച്ചത്. ജില്ലയിലെ 4 ബഡ്സ് സ്കൂളുകളിൽ നിന്നും 14 ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളിലും നിന്നുമായി ഇരുന്നൂറോളം കുട്ടികളാണ്
കലോത്സവത്തിൽ പങ്കെടുത്തത്. നാലു വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

രാമവർമ്മപുരം ഗവ. എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. കവിത എ സ്വാഗതം ആശംസിച്ചു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നിപ്മെർ എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രബാബു, കോർപ്പറേഷൻ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി ആർ, പരിവാർ സംസ്ഥാന പ്രസിഡണ്ട് ഫ്രാൻസിസ് പി ടി, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ നിർമ്മൽ എസ് സി, രാധാകൃഷ്ണൻ കെ, സിജു കുമാർ എ, പ്രസാദ് കെ കെ തുടങ്ങിയവർ പങ്കെടുത്തു.