അക്ഷരങ്ങളില്‍ ആഴ്ന്നിറങ്ങി ആഴത്തില്‍ വേരൂന്നിയ അനീഷ അഷറഫിന് 22 വര്‍ഷത്തിനപ്പുറം ഇന്ന് അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പരീക്ഷയാണ്. സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക അനുമതിയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സ്വന്തം വീട്ടിലിരുന്ന് പരീക്ഷയെഴുതുമ്പോള്‍ അനീഷക്ക് പഴയ അഞ്ചാം ക്ലാസുകാരിയുടെ ആവേശമാണ്.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നട്ടെല്ല് വളയുന്ന രോഗം അനീഷയ്ക്ക് പിടിപെടുന്നത്. നട്ടെല്ല് വളയുന്ന രോഗമായതിനാല്‍ അധികനേരം ഇരിക്കാനാ എഴുതാനോ കഴിയില്ല. രോഗത്തെ തുടര്‍ന്ന് അഞ്ചാം ക്ലാസ് ജയിച്ചിട്ടും ആറാം ക്ലാസിലേക്ക് പോകാനായില്ല.

എന്നാല്‍ അനീഷയുടെ കഥകളിലെ അക്ഷരങ്ങള്‍ ആത്മവിശ്വാസത്തിന്റെ നവജീവനുകളാണ്. ആത്മവിശ്വാസം അതിരുകള്‍ ഭേദിക്കുമ്പോള്‍ ഇടം ഡിജിറ്റല്‍ മാഗസിന്‍ ചീഫ് എഡിറ്റര്‍, ഇടം പ്രോജക്ട് കോഡിനേറ്റര്‍, എഴുത്തുകാരി, എംബ്രോയിഡറി ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളിലെല്ലാം തിളങ്ങി നില്‍ക്കുകയാണ് അനീഷ. പഠിച്ച് ആരാകണം എന്ന ചോദ്യത്തിന് അറിയപ്പെടുന്ന എഴുത്തുകാരി, അതിനപ്പുറത്തേക്ക് മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് ഭിന്നശേഷിക്കാരായവര്‍ക്ക് ഒരു പ്രചോദനമാകണമെന്നാണ് അനീഷയുടെ സ്വപ്നം.

രോഗത്തെ തുടര്‍ന്ന് 33 മത്തെ വയസ്സില്‍ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ ഈ പരീക്ഷ എഴുതുന്ന എനിക്ക് 32 വയസ്സ് ആയെന്നും പ്രതീക്ഷയറ്റവര്‍ക്ക് ഒരു മാതൃകയാകണമെന്നുമാണ് അനീഷ പറയുന്നത്. വിദ്യാഭ്യാസമേഖല ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ തുറന്നിട്ടത് വലിയ പ്രയോജനമായെന്നും ഇന്നാണ് തന്റെ പഠനകാലമെങ്കില്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ടി വരില്ലായിരുന്നു എന്നും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും വിക്ടേഴ്‌സും ഓണ്‍ലൈന്‍ ക്ലാസ്സുമെല്ലാം വലിയ സൗകര്യമാണെന്നും അനീഷ പറയുന്നു.

ജില്ലാ സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം അനീഷക്ക് ചോദ്യപേപ്പര്‍ കൈമാറിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണ് നിര്‍വഹിച്ചത്. ചോദ്യപേപ്പര്‍ വാങ്ങി ഉത്തരം എഴുതിത്തുടങ്ങും മുന്നേ അനീഷയുടെ ചോദ്യം, ‘പത്താംതരം പരീക്ഷ ഇനി എന്ന് എഴുതാം ‘. പഠനത്തില്‍ മാത്രമല്ല അനീഷയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പം ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററും ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ എത്തിച്ചു തരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിതയും ഉറപ്പ് നല്‍കി. എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ പിന്തുണയുമായി കുടുംബം ഒപ്പം നിന്നതോടെ പരിമിതികളും പ്രതിസന്ധികളും എല്ലാം അനീഷയ്ക്ക് ഇന്ന് അതിജീവനത്തിന്റെ അധ്യായങ്ങളാണ്.