ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്ന് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍,ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്. ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഈ വര്‍ഷം 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പ് വര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിന് പുറമെയാണ്. കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ നല്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു. ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും ഇതെല്ലാം നന്നായി അറിയാമെങ്കിലും,വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവര്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
