ലോകപ്രശസ്ത ഐ.ടി കമ്പനിയായ ഫുജിട്‌സു ലിമിറ്റഡ് കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി. നിസാന്റെ ഏറ്റവും പ്രധാനപ്പെട്ട സേവനദാതാവ് കൂടിയാണ് ഫുജിട്‌സു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 500 കമ്പനികളിൽ ഒന്നാണ് ടോക്യോ ആസ്ഥാനമായുളള ഫുജിട്‌സു ലിമിറ്റഡ്. കേരളത്തിൽ വരാനുളള ഇവരുടെ സന്നദ്ധതയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഫുജിട്‌സു ആഗോള വൈസ് പ്രസിഡന്റും ഇന്ത്യൻ മേധാവിയുമായ ശ്രീകാന്ത് വാസെ, ഇന്ത്യയിലെ ഉപമേധാവി മാനോജ് നായർ, നിസാൻ മോട്ടോർ കോർപ്പറേഷൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ ടോണി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
