സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം സമൂഹത്തിനാകെ ഉപകാരപ്രദമായ ‘ടെയ്ക്ക് എ ബ്രേക്ക്’ സംവിധാനം ദേശീയ – സംസ്ഥാന പാതയോരങ്ങളില്‍ അടക്കം വിപുലീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കൊടകര ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും കൊടകര പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ പുതിയ സ്മാര്‍ട്ട് അങ്കന്‍വാടി കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ടെയ്ക് എ ബ്രേക്ക് സംവിധാനം ഈ പ്രദേശങ്ങളില്‍ എത്തുന്ന ഓരോ സഞ്ചാരിയുടെയും അനുഗ്രഹമാണ്. ടൂറിസം മേഖല കൂടുതല്‍ കരുത്ത് പ്രാപിക്കുന്ന ഈ കാലഘട്ടത്തില്‍ ടേക്ക് എ ബ്രേക്ക് സംവിധാനങ്ങള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ ബോധത്തിന്റെയും പ്രതിബദ്ധതയുടെയും അടയാളങ്ങളായിട്ടാണ് കേരളത്തിലെ അങ്കണവാടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു. ഒപ്പം അങ്കണവാടി പ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്തു

സംസ്ഥാനാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി ലഭിച്ച 17,78,530 രൂപയും, തനത് ഫണ്ടില്‍ നിന്നുള്ള 8,00,000 രൂപയും ഉപയോഗിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. 30 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാര്‍ട്ട് അംഗനവാടി നിര്‍മ്മിച്ചിരിക്കുന്നത്. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്‍കിയ ജയാനന്ദന്‍ വൈക്കത്തുകാട്ടിലിനെ ചടങ്ങില്‍ മന്ത്രി അനുമോധിച്ചു.

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടെസ്സി ഫ്രാന്‍സിസ്, ജോയ് നെല്ലിശ്ശേരി, സ്വപ്ന സത്യന്‍, ദിവ്യ ഷാജു, വി കെ മുകുന്ദന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.