നവംബർ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻ്റെ ബത്തേരി മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് എ ഡി എം എൻ.ഐ ഷാജു ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി കാഞ്ഞിരാണ്ടി ടെക്സ്റ്റൈൽസിന് എതിർവശമാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നവംബർ 23 ന് ഉച്ചക്ക് 2 ന് ബത്തേരി സെൻ്റ് മേരീസ് ഗ്രൗണ്ടിലായിരിക്കും നവകേരള സദസ്സ് നടക്കുക. 5000 പേരെ പങ്കെടുപ്പിക്കുന്ന സദസ്സിൻ്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ മണ്ഡലത്തിൽ പുരോഗമിച്ച് വരികയാണ്. ഒക്ടോബർ 17നാണ് നവകേരള സദസ്സിൻ്റെ ബത്തേരി മണ്ഡലം സംഘാടക സമിതി രൂപീകരിച്ചത്. സമിതി യോഗത്തിൽ 5 സബ് കമ്മിറ്റികൾ രൂപീകരിച്ചു. തുടർന്ന് സബ് കമ്മിറ്റികൾ വിവിധ ദിവസങ്ങളിലായി യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും സെക്രട്ടറിമാർ കൺവീനർമാരായിട്ടും ജനപ്രതിനിധികൾ ചെയർമാൻമാരുമായിട്ടും സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിൻ്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും വില്ലേജ് ഓഫീസർമാരുടെയും യോഗം ബത്തേരിയിൽ ചേർന്നു. യോഗത്തിൽ വാർഡ് തലത്തിൽ സംഘാടക സമിതികൾ രൂപീകരിക്കാനുള്ള നിർദ്ദേശം നൽകി. വാർഡ് തല സമിതികൾ രൂപീകരിച്ച് മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പ്രചാരണ പരിപാടികൾ മുന്നോട്ട് കൊണ്ടുപോകാൻ യോഗത്തിൽ തീരുമാനമായി. സ്വാഗത സംഘം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ, സ്വാഗത സംഘം കൺവീനർ ഇ സുരേഷ് ബാബു, തഹസിൽദാർ വി.കെ ഷാജി, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.