ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റിലെ വനിതാ ജീവനക്കാര്‍ക്കായി സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം നടത്തി. കളക്ട്രേറ്റ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രതിരോധിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുക്കണമെന്നും ഭയമല്ല ആത്മവിശ്വാസമാണ് വേണ്ടതെന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. ചടങ്ങില്‍ അഡീഷണല്‍ എസ്.പി വിനോദ് പിള്ള അധ്യക്ഷത വഹിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും സ്വയം പ്രതിരോധത്തിന്റെ ആദ്യ ചുവടുകള്‍ പഠിപ്പിക്കുകയുമാണ് പരിശീലനത്തിന്റെ ലക്ഷ്യം. ബസ്സുകളിലും പൊതുഇടങ്ങളിലും വീടുകളിലും മറ്റും നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ എങ്ങനെയെല്ലാം തടുക്കാം എന്നതും ഡെമോന്‍സ്ട്രേഷനിലൂടെ വിശദീകരിച്ചു. കല്‍പ്പറ്റ വനിതാസെല്ലിലെ വി.ഫൗസിയ, എം.രേഷ്മ, ബി.ശ്രീജിഷ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഡെപ്യൂട്ടി കലളക്ടര്‍ കെ. ദേവകി, വനിത സെല്‍ ഇന്‍സെപക്ടര്‍ സി.വി ഉഷാകുമാരി, സബ് ഇന്‍സെപക്ടര്‍ കെ.എം ജാനകി, ജനമൈത്രി എ.ഡി.എന്‍.ഒ കെ.എം ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.