പുതിയാപ്പ ഹാർബറിൽ ബോട്ട് റിപ്പയറിംഗ് യാർഡ് നിർമ്മിക്കുന്നതിന് ഈ സാമ്പത്തിക വർഷം തന്നെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് -ഹാർബർ എൻജിനീയറിങ് – കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. ജില്ലയിലെ അഞ്ച് ഹാർബറുകളിലുമായി 98 കോടി രൂപയുടെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്. ഒരു കോടി രൂപ ചെലവിൽ ബേപ്പൂർ ഹാർബറിൽ പുതിയ ജട്ടി, 63 കോടി രൂപ ചെലവിൽ കൊയിലാണ്ടി ഹാർബർ വികസന പ്രവൃത്തി, വെള്ളയിൽ ഹാർബറിൽ പുളിമുട്ട് നീളം കൂട്ടാനായി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 15.3 കോടി രൂപയും ഓഫീസ് കെട്ടിടവും ചുറ്റുമതി ലും സ്ഥാപിക്കുന്നതിന് 6.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചോമ്പാൽ ഹാർബറിൽ പുതിയ ജട്ടി നിർമ്മിക്കാനായി 4.08 കോടി രൂപയുടെ പദ്ധതിയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിലെ വിവിധ വികസന പദ്ധതികളായ ഫിങ്കർ ജെട്ടി, ചുറ്റുമതിൽ, ലോക്കർ മുറികൾ, ഡ്രഡ്ജിംഗ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി ഓപ്ഷനിംഗ് മാർക്കറ്റിങ് ആന്റ് ക്വാളിറ്റി കൺട്രോൾ എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കും. മത്സ്യഫെഡിന്റെ സഹായത്തോടെ ഹാർബറുകളിൽ നിന്നും മത്സ്യം ലേലം ചെയ്ത് നേരിട്ട് മാർക്കറ്റിൽ എത്തിച്ച് ഗുണനിലവാരവും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്താനുമുള്ള പുതിയൊരു നിയമനിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് കാബിനറ്റ് അംഗീകരിച്ച് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഹാർബറുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജില്ലാ കലക്ടർ ചെയർമാനായ ഒരു മാനേജ്മെന്റ് കമ്മിറ്റിയ്ക്ക് രൂപം നൽകും. ഈ കമ്മിറ്റിയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എക്സിക്യൂട്ടീവ് കൺവീനറായും ഹാർബർ എക്സിക്യൂട്ടീവ് എൻജീനീയർ കോ.കൺവീനറായും പ്രവർത്തിക്കും. കമ്മിറ്റിയ്ക്ക് പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാനുള്ള പൂർണ്ണ അധികാരവും നൽകുമെന്നും മന്ത്രി പറഞ്ഞു.
ഫിങ്കർ ജട്ടികൾ നിർമ്മിക്കുന്നതിന് 1101 ലക്ഷം രൂപ ചെലവിൽ തെക്കെ പുലിമുട്ടിൽ നിന്നും 100 മീറ്റർ നീളത്തിലും 8.45 മീറ്റർ വീതിയിലുമുള്ള രണ്ട് ഫിങ്കർ ജട്ടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ജട്ടികളും തമ്മിൽ 100 മീറ്റർ അകലം ഉള്ളതിനാൽ ജട്ടികളുടെ ഇരുവശങ്ങളിലും യാനങ്ങൾ അടുപ്പിക്കുവാൻ സാധിക്കും. നിലവിൽ യാനങ്ങളുടെ ലെവൽ +2.5 മീറ്റർ സി.ഡിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതു കൂടാതെ ജട്ടിയിലേക്കുള്ള 200 മീറ്റർ ഇന്റർലോക്ക് റോഡ്, ജട്ടിയിലെ ശുദ്ധജല വിതരണം എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം പഴയ വാർഫിന് മുൻപിൽ പുതുതായി ഒരു ഫേക്ഷിയ വാൾ നിർമ്മിച്ച് ബോട്ടുകൾ കെട്ടുന്നതിനാവശ്യമായ ബെല്ലാർഡുകൾ നിർമ്മിക്കാനുള്ള പ്രവൃത്തിയും നടപ്പിലാക്കുന്നുണ്ട്.
ചുറ്റുമതിലിന്റെയും ലോക്കർ മുറികളുടെയും നിർമ്മാണത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 225 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 1530 മീറ്റർ നീളമുള്ള ചുറ്റുമതിലും 3X3 മീറ്റർ അളവുള്ള 28 ലോക്കർ മുറികളുമാണ് നിർമ്മിക്കുന്നുണ്ട്. ഹാർബർ ബേസിൻ ഡ്രഡ്ജ് ചെയ്ത് ആഴം വർദ്ധിപ്പിക്കുന്നതിന് 220 ലക്ഷം രൂപയുടെ പദ്ധതിയാണ് അനുവദിച്ചിരിക്കുന്നത്. ഇതു പ്രകാരം ഹാർബർ ബേസിനിലും ചാനലിലും ചാർട്ട് സാറ്റത്തിൽ നിന്നും 2.50 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് ചങ്ങാടത്തിൽ കയറ്റി 3 കിലോമീറ്റർ ദൂരത്തിനപ്പുറം പുറം കടലിൽ നിക്ഷേപിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇപ്രകാരം 1,01,382 ഘനമീറ്റർ മണ്ണ് ബേസിനിൽ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ എം.പി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹാർബർ എൻജിനീയറിംഗ് വകുപ്പ് സൂപ്രണ്ടിoഗ് എൻജിനിയർ എസ്. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൺസിലർ കെ. നിഷ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രജിനി, മത്സ്യഫെഡ് ജില്ലാ മാനേജർ എം.എം. വൽസ ജോസഫ്, മത്സ്യഫെഡ് ഭരണസമിതി അംഗം സി.പി. രാമദാസ്, പുതിയാപ്പ ഹാർബർ വികസന സമിതി കർവീനർ സി. ഗണേശൻ, പുതിയാപ്പ അരയ സമാജം പ്രസിഡന്റ് കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. ഹാർബർ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനീയർ എം.എ. മുഹമ്മദ് അൻസാരി നന്ദിയും പറഞ്ഞു.