സമയബന്ധിതമായ മുന്നൊരുക്കങ്ങള്‍ നടത്തി ജില്ലയില്‍ നിഷ്പക്ഷവും സുതാര്യവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പത്തനംതിട്ട ജില്ലയിലെ ജനസംഖ്യയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ഒരുക്കങ്ങളും ബോധവത്ക്കരണവും നടത്തണം. വനമേഖലയിലുള്ള ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സ്വീപ്പ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ലോക്‌സഭാതെരഞ്ഞെടുപ്പിനു മുന്‍പ് നടത്തേണ്ട മുന്നൊരുക്കചര്‍ച്ചയാണിതെന്നു അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി ശര്‍മിള പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിനു മുന്‍പും ഉദ്യോഗസ്ഥര്‍ അപ്‌ഡേറ്റാകണം. അതിനായുള്ള ട്രെയിനിംഗുകള്‍ നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. അതിന്റെ കാരണം കണ്ടുപിടിച്ച് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
തെരഞ്ഞെടുപ്പിനു മുന്‍പായി ജില്ലാ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടത്തേണ്ട പരിശീലനപരിപാടി സംഘടിപ്പിക്കും. കൂടാതെ തിരഞ്ഞെടുപ്പു ജോലിക്കായി പോളിംഗ് സ്റ്റേഷനുകളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ യാതൊരു തരത്തിലും സ്‌കൂളുകളുടെ ചുവരുകള്‍ വൃത്തികേടാക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കണം. പ്രശ്‌നബാധിത ബൂത്തുകള്‍ തിരിച്ചറിയുകയും കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. 80 വയസു കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാവും. നിഷ്പക്ഷവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുകയാണു ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
ഇ വി എമ്മുമായി ബന്ധപ്പെട്ട ആദ്യഘട്ടപരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. റാന്‍ഡമൈസേഷന്‍ ചെക്കിംഗ് ഒന്നാംഘട്ടവും രണ്ടാംഘട്ടവും ഇനി പൂര്‍ത്തിയാക്കേണ്ടതുണ്ട്. വോട്ടര്‍പട്ടിക ഉപയോഗിച്ച് 80 വയസു കഴിഞ്ഞവരേയും ഭിന്നശേഷിക്കാരേയും കണ്ടെത്താനും ആവശ്യമായ ഉദ്യോഗസ്ഥര്‍ ഉണ്ടോയെന്നു പരിശോധിക്കാനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡിഷണല്‍ ചീഫ് ഇലക്ടോറല്‍ ഓഫീസര്‍ പി കൃഷ്ണദാസന്‍, എ ഡി എം ബി.രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, സെക്ഷന്‍ ഓഫീസര്‍ ആര്‍ വി ശിവലാല്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍മാരായ പി ഉദയകുമാര്‍, ആര്‍ എസ് അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.