പ്രവാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും അടയാളപ്പെടുത്തി കേരളീയം സെമിനാര്‍. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ‘കേരളവും പ്രവാസി സമൂഹവും’ എന്ന വിഷയത്തില്‍ നോര്‍ക്ക സംഘടിപ്പിച്ച  സെമിനാറില്‍ കുടിയേറ്റത്തിന്റെ പുതിയ മാനങ്ങളും പ്രവണതകളും വെല്ലുവിളികളും ചര്‍ച്ചയായി. ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ബ്രെയിന്‍ വെയ്സ്റ്റ് വരെ നാലു മണിക്കൂര്‍ നീണ്ട സെമിനാറില്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടു. പ്രവാസിഗ്രാമസഭയും എയ്ഞ്ചല്‍ ഫണ്ടിങ്ങും മുതല്‍ ഭരണനിര്‍വഹണത്തിലെ പ്രവാസി പങ്കാളിത്തം വരെയുള്ള വൈവിധ്യമാര്‍ന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ വിദഗ്ധരുടെയും സദസ്സിന്റെയും ഭാഗത്ത് നിന്ന് ഉയര്‍ന്നു.

പ്രവാസികള്‍ക്കായി ഇന്ത്യയില്‍ ഏറ്റവുമധികം സാമൂഹിക സുരക്ഷ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് ആമുഖ ഭാഷണത്തില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമായി കോടിക്കണക്കിനു രൂപ കേരളത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും അതിലെ മുന്തിയ ശതമാനവും സ്ഥലം വാങ്ങുന്നതിനും വീടുവെക്കുന്നതിനും പോലുള്ള പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിരുന്നു. അതുകൊണ്ട് പ്രവാസി പണം കൊണ്ട് മുന്തിയ തൊഴില്‍ സാധ്യതകളോ വന്‍കിട മൂലധന നിക്ഷേപമോ ഇവിടെ ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗള്‍ഫ് പ്രവാസത്തില്‍ നിന്ന് വ്യത്യസ്തമാണ് വികസിത രാജ്യങ്ങളിലേക്കുള്ള പുതിയ വിദ്യാര്‍ഥി കുടിയേറ്റം. 50-60 ലക്ഷം രൂപയുടെ കടഭാരമാണ് ഇവരില്‍ പലര്‍ക്കുമുള്ളത്. പഠനശേഷം ഇവര്‍ കേരളത്തിലേക്കു തിരിച്ചുവരുമെന്നും പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടു തന്നെ ക്രിയാത്മകമായ മനുഷ്യവിഭവ ശേഷി, അവര്‍ ചെലവാക്കുന്ന പണം എന്നിവ നഷ്ടമാകുന്നത് കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കൂടാതെ അനധികൃത കുടിയേറ്റവും പ്രവാസികളുടെ തിരിച്ചുവരവും മറ്റു വെല്ലുവിളികളാണ്. നവകേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ പ്രവാസികളും വിദഗ്ധരും പ്രവാസവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങള്‍ പ്രവാസി സമൂഹത്തെ സംബന്ധിച്ച നയരൂപവത്കരണത്തില്‍ പരിഗണിക്കുമെന്നും കേരളീയത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന നവകേരള വിഷന്‍ രേഖയ്ക്കായി സമര്‍പ്പിക്കുമെന്നും ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി സുസ്ഥിര തൊഴില്‍ അവസരങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഇടപെടലില്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ ഇതിനകം തന്നെ ആലോചനയിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ക്ഷേമ പെന്‍ഷന്‍ നിലവിലുണ്ടെങ്കിലും 60 കഴിഞ്ഞ പ്രവാസികളെ പ്രത്യേകമായി പരിഗണിക്കും.  പ്രവാസിക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക വിഹിതം നല്‍കണം എന്ന് സെമിനാറില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ച് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തും. പ്രവാസികളുടെ കൃത്യമായ വിവര ശേഖരണത്തിനു തയ്യാറാക്കിയ ഡിജിറ്റല്‍ ഡാറ്റാ പ്ലാറ്റ്ഫോം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. അടിസ്ഥാനസൗകര്യ വികസന രംഗത്ത് പ്രവാസി നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. പ്രവാസിനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഡയസ്പോറ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഡയസ്പോറ ബോണ്ട് ആരംഭിക്കണമെന്ന് സെമിനാറില്‍ ഉയര്‍ന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ലോകത്തിന് കേരളം സംഭാവന ചെയ്ത പുതിയ മാതൃകയായ ലോകകേരളസഭ കൂടുതല്‍ വൈവിധ്യവത്കരിക്കും. പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുത്തും. വിദ്യാര്‍ത്ഥി കുടിയേറ്റം മാനേജ് ചെയ്യുന്നതിന് സ്റ്റുഡന്റ്സ് ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

നോര്‍ക്ക ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല വിഷയാവതരണം നടത്തി. പഴയകാല ഗള്‍ഫ് പ്രവാസികള്‍ ജന്മനാടുമായുള്ള ബന്ധം മുറിയാതെ നിലനിര്‍ത്തുന്നതില്‍ ബദ്ധ ശ്രദ്ധരായിരുന്നുവെങ്കില്‍ ഇന്ന് ഗള്‍ഫിലെ രണ്ടാം തലമുറക്ക് ഈ വേര് നിലനിര്‍ത്താന്‍ താല്‍പര്യമില്ലെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നതായും ചര്‍ച്ചയില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഗോള്‍ഡന്‍ വിസയൊക്കെ വന്നതോടെ ഗള്‍ഫില്‍ സ്ഥിരതാമസമാക്കുന്ന പ്രവണത കൂടുന്നുണ്ട്. തിരിച്ചുവന്നാല്‍ കേരളത്തില്‍ വലിയ സാധ്യതയില്ല എന്നതും അവരെ പിന്നോട്ടടിക്കുന്നു. ഇത് മറികടന്നില്ലെങ്കില്‍ കേരളം വൃദ്ധസദനം പോലെയാകും. എന്നാല്‍ കേരളം പോലെ അവസരങ്ങളുള്ള പ്രദേശം ലോകത്തു വേറെ കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മക്കള്‍ക്ക് വേണ്ടി രാജ്യം വിട്ട പ്രവാസികളെ ഇന്ന് മക്കള്‍ മറക്കുകയാണെന്ന ആശങ്ക ഡി സി ഹെല്‍ത്ത് കെയര്‍ ഇന്‍ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഫൊക്കാന ചെയര്‍മാനുമായ ഡോ. ബാബു സ്റ്റീഫന്‍ പങ്കുവെച്ചു. ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് അമേരിക്കയില്‍ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജന്മിത്വത്തെ തകര്‍ക്കുന്നതിന് അടിത്തറ പാകിയത് പ്രവാസമാണെന്നും തിരിച്ചുവരുന്ന പ്രവാസികളോടുള്ള കേരളീയരുടെ മോശം മനോഭാവത്തിന് അടിസ്ഥാനം ഇതാണെന്നും കേരള പ്രവാസി ക്ഷേമ ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ എം എല്‍ എയുമായ പി. ടി. കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ച ഏക രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അങ്ങിനെയാണ് നോര്‍ക്ക വലിയ വകുപ്പായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമം സര്‍ക്കാര്‍ ഒരു അജണ്ടയായി ഏറ്റെടുത്തെന്നും 45,000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ. വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികളെ സമൂഹത്തില്‍ ഇഴ ചേര്‍ക്കുന്നതിനും അവര്‍ക്ക് സുസ്ഥിര ജീവിതവൃത്തി ലഭ്യമാക്കുന്നതിനും സാങ്കേതിക നൂലാമാലകളില്ലാത്ത മികച്ച പദ്ധതികള്‍ തയ്യാറാക്കണമെന്നും  മുന്‍ ചീഫ് സെക്രട്ടറി ഷീല തോമസ് പറഞ്ഞു. സര്‍ക്കാറിന്റെ പുതിയ സംരംഭമായ കേരള റബര്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്തണമെന്ന് അവര്‍ പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. കേരള സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണ് പ്രവാസികളെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ചെയര്‍മാന്‍ ഡോ. ഇരുദയ രാജന്‍ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പിന്മടക്കം കൂടുന്നതായാണ് ഒമ്പതാം കുടിയേറ്റ സര്‍വേ നല്‍കുന്ന പ്രാഥമിക സൂചനയെന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ ജോലി തേടി വിദേശത്തേക്കു പോയപ്പോള്‍ തനിച്ചായിപ്പോയ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠന വിധേയമാക്കണമെന്നും അവര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പശ്ചാത്തല വികസന രംഗത്ത് ധനലഭ്യത ഉറപ്പാക്കാന്‍ ഡയസ്പോറ ബോണ്ട് അവതരിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് ലോകബാങ്ക് ബഹുമുഖ നിക്ഷേപ ഗ്യാരണ്ടി ഏജന്‍സിയുടെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായ ദിലീപ് രഥ പറഞ്ഞു. പ്രവാസികളുടെ പിന്മടക്കം എക്കാലത്തും ഉണ്ടായിരുന്നതായും അതില്‍ ആശങ്ക വേണ്ടെന്നും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ വി മുസ്തഫ പറഞ്ഞു. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ പ്രവാസികളെ കൂടി ഉള്‍ക്കൊള്ളുന്ന സമൂഹമാക്കി കേരളത്തെ മാറ്റണമെന്നും അതിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ പ്രവാസി വ്യവസായിയുമായ സി.വി. റപ്പായി പറഞ്ഞു.

പുറം കേരളത്തിന്റെ മുകളിലുള്ള അകം കേരളത്തിന്റെ വാഴ്ച്ച ജനാധിപത്യപരമായിരുന്നില്ലെന്നുംഇതു മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്ത വിപ്ലവകരവും ദീര്‍ഘ വീക്ഷണത്തോടെയുമുള്ള ഇടപെടലായിരുന്നു ലോകകേരളസഭ രൂപീകരണമെന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗവും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് റിട്ട. പ്രൊഫസറുമായ ഡോ. കെ എന്‍ ഹരിലാല്‍ പറഞ്ഞു. ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഇല്ലാതാകുന്ന പുതിയകാലത്ത് പുറം കേരളത്തെ അകം കേരളവുമായി ചേര്‍ത്തു പിടിക്കാന്‍ നിരന്തര ശ്രമം വേണമെന്നും കേരളത്തിന്റെ നിലനില്‍പ്പിന് അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റത്തെ ഗൗരവതരമായ പഠനത്തിന് വിധേയമാക്കുന്നതിന് രണ്ടു സര്‍വകലാശാലകളിലെങ്കിലും സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഡയസ്പോറ സ്റ്റഡീസ് ആരംഭിക്കണമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് വിസിറ്റിംഗ് പ്രൊഫസറും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ അംഗവുമായ ഡോ. ജിനു സഖറിയ ഉമ്മന്‍ പറഞ്ഞു. ആറു മാസ കോഴ്സ് പഠിക്കാന്‍ വലിയ തുക വായ്പയെടുത്ത് യൂറോപ്പിലേക്ക് വിദ്യാര്‍ഥികള്‍ കുടിയേറുന്നത് ബ്രെയിന്‍വെയിസ്റ്റ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ച യു കെയിലെ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഇന്റര്‍നാഷണല്‍ വര്‍ക്ക്ഫോഴ്‌സ് മേധാവി ഡേവ് ഹോവാര്‍ത്ത് യുകെയില്‍ ജോലി തേടുമ്പോള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യം ശക്തിപ്പെടുത്താന്‍ പ്രവാസികള്‍ സംഘശക്തിയായി മാറണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും മോഡറേറ്ററുമായ ഡോ. കെ.രവിരാമന്‍ അഭിപ്രായപ്പെട്ടു. ശേഷം ചോദ്യോത്തര സെഷന്‍ അരങ്ങേറി. പ്രവാസികളുടെ സജീവ പങ്കാളിത്തവും ഇടപെടലുകളും കൊണ്ട് ക്രിയാത്മകമായി മാറിയ സെമിനാറില്‍ തത്സമയ ആംഗ്യഭാഷാ അവതരണവുംനടന്നു.