ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം

മലയാള നാടിന്റെ ഭാഗമായതിലും മലയാളികള്‍ക്കൊപ്പം ജോലി ചെയ്യുന്നതിലും സന്തോഷവും അഭിമാനവുമുണ്ടെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ജില്ലാ ഭരണകേന്ദ്രവും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച ജില്ലാതല മലയാള ദിനാചരണവും ഭരണഭാഷ വാരാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പുറത്തുനിന്ന് നോക്കി കാണുമ്പോഴാണ് ഇവിടത്തെ പ്രത്യേകതകള്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയുന്നതെന്ന് കലക്ടര്‍ പറഞ്ഞു. നിരവധി നേട്ടങ്ങള്‍ കൈവരിച്ച കേരളം ലോകത്തിന് മാതൃകയാണ്. കേരളത്തില്‍ ജോലി കിട്ടിയ ആദ്യ കാലഘട്ടത്തില്‍ ഭാഷ അറിയാത്തതുകൊണ്ട് നേരിട്ട അനുഭവങ്ങളും മലയാള ഭാഷ പഠിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളും കലക്ടര്‍ സദസുമായി പങ്കുവെച്ചു.

സാഹിത്യകാരന്‍ രാം മോഹന്‍ പാലിയത്ത് മുഖ്യാതിഥിയായി. കലക്ടറേറ്റ് ജീവനക്കാരായ ആര്യ വി.മനോജ്, വി.വി ശോഭന, നോഫ വില്‍സണ്‍ എന്നിവര്‍ നൃത്തശില്പം അവതരിപ്പിച്ചു. കാവ്യ എസ്.മേനോന്‍ കവിത ആലപിച്ചു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ ബി അനില്‍കുമാര്‍, വി.എ അബ്ബാസ്, ഉഷാ ബിന്ദുമോള്‍, പി സിന്ധു, അനില്‍ ഫിലിപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോന്‍, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി ജോണ്‍, കോ ഓഡിനേറ്റര്‍ മജു മനോജ്, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.