ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് എല്ലാ വകുപ്പ് ജീവനക്കാര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പദ്യം ചൊല്ലല്‍, പ്രശ്നോത്തരി മത്സരങ്ങളും കലക്ടറേറ്റ് ജീവനക്കാര്‍ക്കായി മലയാളം ടൈപ്പിങ് മത്സരവും നടന്നു. പദ്യം ചൊല്ലല്‍ മത്സരത്തില്‍ കലക്ടറേറ്റ് ജെ.എസ് ഇ. ജയകൃഷ്ണന്‍ ഒന്നാം സ്ഥാനവും ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തിലെ എല്‍.ഡി ടൈപ്പിസ്റ്റ് എം. അനു രണ്ടാം സ്ഥാനവും പാലക്കാട് കെ.എസ്.ഇ.ബിയിലെ കെ.എ ദീപ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രശ്‌നോത്തരി മത്സരത്തില്‍ പാലക്കാട് ജി.എസ്.ടി വകുപ്പിലെ പി. സുചിത്ര-പി. അശ്വതി എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. ഒറ്റപ്പാലം താലൂക്ക് ഓഫീസിലെ രേണുക-രാഹുല്‍ ടീം രണ്ടാം സ്ഥാനവും ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷനിലെ എച്ച്. അബ്ദുല്‍ ഖാദര്‍-സി. ഷൈജ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലക്ടറേറ്റ് ജീവനക്കാര്‍ക്കായി നടത്തിയ മലയാളം ടൈപ്പിങ് മത്സരത്തില്‍ ക്ലാര്‍ക്ക് വിഭാഗത്തില്‍ സി. ദീപ ഒന്നാം സ്ഥാനവും ഗുരുവായൂരപ്പന്‍ രണ്ടാം സ്ഥാനവും ഡി. സ്മിത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ടൈപ്പിസ്റ്റ് വിഭാഗത്തില്‍ ധന്യ ഒന്നാം സ്ഥാനത്തെത്തി. ഷീല രണ്ടാം സ്ഥാനവും ഷിജില മൂന്നാം സ്ഥാനവും നേടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വാരാഘോഷത്തിന്റെ സമാപനദിവസമായ നവംബര്‍ ഏഴിന് മത്സര വിജയികള്‍ക്ക് സമ്മാനവിതരണവും ഭരണഭാഷ പുരസ്‌കാര ജേതാവിനെ ആദരിക്കലും നടക്കും.