കേന്ദ്രകാലാവസ്ഥാ വകുപ്പ് വരുന്ന വ്യാഴാഴ്ച വരെ (09.11 .23 ) ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. പോലീസ്, ഫയർ ഫോഴ്സ് , റവന്യു തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്നും മലയോരമേഖലകളിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു .

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ ശാന്തന്‍പാറ ചേരിയാർ മേഖലയിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി . ചേരിയാര്‍ ദളം ഭാഗത്ത് മൂന്നിടങ്ങളിലായാണ് ഉരുള്‍പൊട്ടിയത്. പത്തോളം വീടുകള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പ്രശ്ന ബാധിത മേഖലയിൽ നിന്ന് തോട്ടം തൊഴിലാളികളും അന്യസംസ്ഥാനതൊഴിലാളികളും ഉള്‍പ്പെടെ 25 ഓളം പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കും. പേത്തൊട്ടി, കള്ളിപ്പാറ മേഖലയിലെ കൃഷി നാശം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായും വിലയിരുത്തുന്നതിനും തകരാറിലായ റോഡ് ഗതാഗതം എത്രയും വേഗം പുനസ്ഥാപിയ്ക്കുന്നതിനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട് .

കർഷകർ കൃഷിനാശം റിപ്പോർട്ട് ചെയ്യണം

ശാന്തന്‍പാറ, ഉടുമ്പന്‍ചോല, പാമ്പാടുംപാറ മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപകമായ കൃഷിനാശം സംഭവിച്ചതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ശാന്തന്‍പാറയിലെ പേത്തൊട്ടി , പുത്തടി, ബോഡിമെഡ് ഭാഗങ്ങളിലും ഉടുമ്പന്‍ചോലയില്‍ ചതുരംഗപ്പാറയിലും, പാമ്പാടുംപാറയില്‍ കൗന്തി മേഖലയിലുമാണ് കൃഷിനാശം സംഭവിച്ചത്. ഏകദേശം 15 ഹെക്ടറിലധികം ഏലകൃഷിയും 10 ഹെക്ടറിലധികം കൃഷിഭൂമിയും ഒലിച്ചുപോയിട്ടുണ്ട് . കാര്‍ഷിക മേഖലയില്‍ ആകെ 15 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടൊന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. കൃഷി ഭൂമിയും, കൃഷിനാശവും സംഭവിച്ച കര്‍ഷകര്‍ പത്ത് ദിവസത്തിനകം കൃഷി ഭവനിലെത്തി എയിംസ് പോർട്ടല്‍ മുഖേന കൃഷിനാശത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

രാത്രിയാത്ര നിരോധിച്ചു

മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെ) ഇന്ന് (06) മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട് . ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പുറത്തിറക്കി. നിരോധനകാലയളവില്‍ യാത്രക്കാര്‍ക്ക് മറ്റ് സമാന്തര പാതകള്‍ ഉപയോഗിക്കാം. പോലീസ് ഇത് സംബന്ധിച്ച് നിർദേശം നൽകും . ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അപകടം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നത് .