ഡിസംബര്‍ ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കും

നവ കേരള സദസ്സിന്റെ ഭാഗമായി പലവിധ അദാലത്തുകളില്‍ തീര്‍പ്പാക്കാത്താ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഒല്ലൂര്‍ മണ്ഡലതല സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക കൗണ്ടര്‍വഴി പരാതികള്‍ സ്വീകരിക്കും. വിഐപി കാറ്റഗറി വഴി ആ പരാതികള്‍ പരിഹരിക്കാന്‍ ആവശ്യമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

നവ കേരള സദസ്സിനോട് അനുബന്ധിച്ച വിപുലമായ പരിപാടികളുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കുമെന്നും മന്ത്രിക്കൂട്ടിച്ചേര്‍ത്തു. പ്രസംഗം മത്സരം, കയ്യെഴുത്തു മാസിക, ചിത്രരചന, കളറിംഗ്, ഫ്‌ളാഷ് മോബുകള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ നടപ്പിലാക്കും.

ചരിത്രം സൃഷ്ടിക്കുന്ന മുന്നേറ്റത്തില്‍ ഏവരുടെയും സഹകരണവും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഒല്ലൂര്‍ മണ്ഡലത്തിലെ കോളേജ്, സ്‌കൂള്‍, എസ്പിസി, യൂത്ത് ക്ലബ് പ്രതിനിധികളുടെയും കുടുംബശ്രീ, ആശ – അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പ്രതിനിധികള്‍ എന്നിവരുടെയും യോഗമാണ് ചേര്‍ന്നത്. നവകേരള സദസ്സിനോട് അനുബന്ധിച്ച് ഓരോരുത്തരും വഹിക്കേണ്ട ചുമതലകള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. രവി, എജ്യുക്കേഷന്‍ ഓഫീസര്‍ പി.എം. ബാലകൃഷ്ണന്‍, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനന്‍, ഒല്ലൂര്‍ എ.സി.പി മുഹമ്മദ് നദീമുദ്ദീന്‍, ബ്ലോക്ക് സെക്രട്ടറി എം. ബൈജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.