വിദ്യാലയത്തിന് സ്വന്തമായി ഭൂമി ലഭിച്ചു

സ്വന്തമായി ഭൂമി, അതിലൊരു കെട്ടിടം എന്ന കുരഞ്ഞിയൂര്‍ ഗവ. ലോവര്‍ പ്രൈമറി സ്‌കൂളിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. വാടക കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന വിദ്യാലയത്തിന് സ്വന്തമായി ഭൂമി ലഭിച്ചു. ഇട്ടേക്കോട്ട് പടിക്കപറമ്പില്‍ രാധാകൃഷ്ണന്റെ സ്മരണക്ക് ഭാര്യ അധികാരത്ത് വളപ്പില്‍ വത്സലയും മകന്‍ രാമചന്ദ്രനും മകള്‍ രജനിയും ചേര്‍ന്നാണ് 30 സെന്റ് ഭൂമി വിദ്യാലയത്തിന് സൗജന്യമായി നല്‍കിയത്. ഒരുകോടി രൂപ മതിപ്പ് വിലയുള്ള ഭൂമിയാണ് സ്‌കൂളിനായി സംഭാവന നല്‍കിയത്. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് സ്ഥലം ലഭ്യമായത്.

1929 സ്ഥാപിതമായ കുരഞ്ഞിയൂര്‍ ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ ഇട്ടേക്കോട്ട് പടിക്കപറമ്പില്‍ രാധാകൃഷ്ണന്‍ എന്ന വ്യക്തിയുടെ കൈവശമുള്ള ഭൂമിയിലെ വാടക കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എട്ട് ജീവനക്കാരും 47 വിദ്യാര്‍ത്ഥികളുമാണ് ഈ സ്ഥാപനത്തില്‍ ഇപ്പോഴുള്ളത്.

94 വര്‍ഷത്തെ പഴക്കമുള്ള ഈ വിദ്യാലയം നാടിന് വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. നിരവധി തലമുറകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയ വിദ്യാലയത്തില്‍ നിന്നും അധ്യാപകര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, പാസ്‌പോര്‍ട്ട് ഓഫീസര്‍ എന്നിങ്ങനെ വിവിധ മേഖലയില്‍ പ്രഗത്ഭരായി തിളങ്ങിയിട്ടുണ്ട്.

കുരഞ്ഞിയൂരിന്റെ ചരിത്രത്തില്‍ അഭിമാനകരമായ പുരോഗതി കൈവരിച്ച വിദ്യാലയത്തിന് സ്വന്തമായി ഭൂമി ലഭിക്കുന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മെച്ചപ്പെട്ട വിദ്യാലയമായി മാറ്റാന്‍ കഴിയും.

ഭൂമിയുടെ ആധാരം രാധാകൃഷ്ണന്റെ ഭാര്യ വത്സലയില്‍ നിന്ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ മകന്‍ രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥന്‍, എ.കെ. വിജയന്‍, പഞ്ചായത്ത് അംഗങ്ങളായ സെലീന നാസര്‍, ജസ്‌ന ഷഹീര്‍, ഷൈബ ദിനേശന്‍, പഞ്ചായത്ത് സെക്രട്ടറി എന്‍.വി. ഷീജ, എ.ഇ.ഒ. രവീന്ദ്രന്‍ കെ.കെ, സ്‌കൂളിലെ പ്രധാന അധ്യാപിക കെ.സി. രാധ, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.എ. അനില്‍കുമാര്‍, എം.പി.ടി.എ. പ്രസിഡന്റ് ബിനിത കൃഷ്ണന്‍, സീനിയര്‍ അധ്യാപിക നീന, രാധാകൃഷ്ണന്റെ സഹോദരന്‍ ഐ.പി. സോമന്‍, ഇ.കെ. ശശിധരന്‍, ദിലീപ് കുമാര്‍ പാലപ്പെട്ടി (ബാബു), അണ്ടത്തോട് റജിസ്ട്രാര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.