ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു കൊടുക്കുക എന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി വീടില്ലാത്ത രണ്ട് വിദ്യാർത്ഥികൾക്ക് പെരുമണ്ണ പഞ്ചായത്തിലെ തുമ്പോളി മീത്തലിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഉൾപ്പെടെ എല്ലാവരും ഒരേ മനസ്സോടെ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഈ സ്വപ്നം യാഥാർത്ഥ്യമായത്. ജനങ്ങൾ ഒരുമയോടെ പ്രവർത്തിക്കാൻ തയ്യാറായാൽ അസാധ്യമെന്ന് കരുതുന്ന ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാനും ജനങ്ങൾക്ക് നന്മ ചെയ്യാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പി ടി എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു.

ഓരോ വിദ്യാഭ്യാസ ഉപജില്ലയിലെയും ഏറ്റവും നിർദ്ധനരും ഭവനരഹിതരുമായ കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് വീടുവെച്ചു നൽകുന്ന സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പദ്ധതിയാണ് സ്നേഹഭവനം. പെരുണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരുതി പി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എം എ പ്രതിഷ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഭാരവാഹികൾ, അധ്യാപകർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എഇഒ ഗീത പി സി സ്വാഗതവും, കൺവീനർ രൂപേഷ് ടി നന്ദിയും പറഞ്ഞു