പത്തനംതിട്ട റാന്നി താലൂക്കിലെ നാറാണംമൂഴി പഞ്ചായത്തില്‍പ്പെട്ട കുറുമ്പന്‍മൂഴി, മണക്കയം നിവാസികളുടെ ചിരകാലസ്വപ്‌നം പൂവണിയുന്നു. തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശമായ ഇവിടേയ്ക്ക് സഞ്ചാരയോഗ്യമായ റോഡ് എന്നത് പ്രദേശവാസികളുടെ നൂറ്റാണ്ടുകളായുള്ള സ്വപ്‌നമായിരുന്നു. കഴിഞ്ഞ പ്രളയക്കാലത്തും പുറംലോകവുമായി ഒറ്റപ്പെട്ട് ദിവസങ്ങളോളം കഴിയേണ്ടി വന്നവരാണ് കുറുമ്പന്‍മൂഴി നിവാസികള്‍. കുറുമ്പന്‍മൂഴി, മണക്കയം റോഡിലൂടെ പഞ്ചായത്ത് ആസ്ഥാനത്തേയ്ക്ക് എത്തുന്നതിന് 3.3 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കുന്നതിന് കരികുളം ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലുള്ള 0.999 ഹെക്ടര്‍ സ്ഥലവും മണക്കയം കോളനിയിലേയ്ക്ക് 1.935 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനും 0.580 ഹെക്ടര്‍ സ്ഥലവുമാണ് വനംവകുപ്പ് വിട്ടുനല്‍കിയിട്ടുള്ളത്. വനാവകാശ നിയമപ്രകാരം ഊരുക്കൂട്ടത്തിന്റെ ആവശ്യപ്രകാരം ഒരു ഹെക്ടര്‍ വരെ ഭൂമി പട്ടികവര്‍ഗ വിഭാഗങ്ങളുടെ നിശ്ചിത ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുന്നതിന് ഡിഎഫ്ഒയ്ക്ക് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് റോഡ് നിര്‍മാണത്തിനായി നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ കൂടി അഭ്യര്‍ത്ഥന മാനിച്ച് സ്ഥലം അനുവദിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്  പറഞ്ഞു. വനാവകാശ നിയമ പ്രകാരമാണ് റോഡ് നിര്‍മാണത്തിന് വനഭൂമി വിട്ടു നല്‍കുന്ന തെന്നതിനാല്‍ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല .വനഭൂമി ആയതിനാല്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിലും പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വനംവകുപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ വീതിയില്‍ മാത്രമേ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ അനു മതിയുള്ളൂ. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള ഫണ്ടിനായി എസ്റ്റിമേറ്റ് തയ്യാറാക്കി എംപിക്കും എംഎല്‍എയ്ക്കും നല്‍കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പമ്പാനദിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ സ്ഥിരമായി ഒറ്റപ്പെട്ടു പോകുന്ന പ്രദേശമാണ് കുറുമ്പന്‍മൂഴി, മണക്കയം ഭാഗങ്ങള്‍. പുതിയ റോഡ് പൂര്‍ത്തിയാകുന്നതോടെ ഇവരുടെ ദുരിതത്തിന് ശാശ്വത പരിഹാരമാകും.