ഹോമിയോപ്പതി ഷീ ക്യാമ്പെയിനിന്റെ സുല്‍ത്താന്‍ ബത്തേരി നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി. കെ രമേശ് നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നിര്‍ണായകമായ സേവനങ്ങള്‍ നല്‍കിവരുന്ന ഹോമിയോപ്പതി വകുപ്പിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പൊതുജനാരോഗ്യ പരിപാടികളാണ് നടത്തുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിതകളുടെ ആരോഗ്യം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഷീ ക്യാമ്പെയിന്‍.

പൂര്‍ണ്ണമായും വനിതകളെ ലക്ഷ്യം വച്ചുള്ള വിവിധങ്ങളായ മെഡിക്കല്‍ ക്യാമ്പുകള്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവയാണ് ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എം .ബേബി സിനി പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികളായ ഷാമില ജുനൈസ്, കെ റഷീദ്, സാലി പൗലോസ് , ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി എ നസീറ, നഗരസഭ സിറ്റി മാനേജര്‍ കെ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി കോട്ടത്തറയുടെയും കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ഹെല്‍ത്ത് ക്യാമ്പയിന്‍ നടത്തി. കോട്ടത്തറ പഞ്ചായത്ത് ഹാളില്‍ നടന്ന ക്യാമ്പയിന്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിന്ദു മാധവന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഇ.കെ വത്സല, എച്ച്. എം സി മെമ്പര്‍ ജോസ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ ശാന്ത ബാലകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.സി പ്രേംകുമാര്‍, ഡോ. അനിത, ഡോ.ദിദി ജോയ്, യോഗ ഇന്‍സ്ട്രക്ടര്‍ ഡോ.സി. വി സ്വാതി, കെ.സ്മിത, കെ.രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.