തൃശ്ശൂര്‍ ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ നൂതന സംരംഭമായ ബോധവത്കരണ ക്യാമ്പയിന്‍ ‘ചായ പീടിക -ആരോഗ്യപട്ടണത്തിലെ ചായക്കഥ’ യുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നിര്‍വഹിച്ചു. വിവിധ ആരോഗ്യ ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ജില്ലയിലെ മുഴുവന്‍ നഗരസഭകള്‍-നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തും. തദ്ദേശിയമായി ആവശ്യമായ വിഷയങ്ങളായിരിക്കും ക്യാമ്പയിനിലൂടെ ബോധവത്കരണത്തിനായി ഓരോ നഗരസഭയിലും തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ ഓരോ നഗരസഭയിലും ഒരു ദിവസം വൈകീട്ട് 4 മണി മുതല്‍ 7 മണിവരെ പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ചു പരിപാടി സംഘടിപ്പിക്കും.

ആരോഗ്യത്തിലേക്കൊരു ചുവട് എന്ന പേരില്‍ സായാഹ്ന നടത്തത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍, നാടമുറിച്ചുള്ള ഉദ്ഘാടനം, ആരോഗ്യസംഭാഷണം, ബോധവത്കരണ ലഘു നാടകം, ബി എം ഐ ചെക്കിങ് -ഡയറ്റ് കൗണ്‍സിലിങ്, ആരോഗ്യ പരിശോധനകള്‍, പോഷകാഹാര പ്രദര്‍ശനം, ആരോഗ്യസന്ദേശങ്ങളടങ്ങിയ കളികള്‍, പ്രദേശവാസികളുടെ കള്‍ച്ചറല്‍ ഫെസ്റ്റ്,ഔഷധസസ്യ വിതരണം,മെഡിക്കല്‍ ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. ക്യാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രകൃതിദത്തമായ ചായകളും, പോഷക ഇലയടയും രുചിക്കാം.

ആകര്‍ഷണീയമായ രീതിയിലൂടെ ആരോഗ്യ സന്ദേശങ്ങള്‍ ജങ്ങളിലേക്കെത്തിക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ക്യാമ്പിനിന്റെ പ്രഥമ പരിപാടി നവംബര്‍ 10 ന് വൈകീട്ട് 4 മണി മുതല്‍ 7 മണി വരെ കൊടുങ്ങല്ലൂര്‍ നഗരസഭയുടെ കീഴില്‍ വരുന്ന നഗരകുടുംബരോഗ്യകേന്ദ്രം ആനാപുഴ കേന്ദ്രീകരിച്ചു നടക്കും. കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

തൃശ്ശൂര്‍ ദേശീയ നഗര ആരോഗ്യ ദൗത്യം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), കൊടുങ്ങല്ലൂര്‍ നഗരസഭ, ആനാപ്പുഴ നഗരകുടുംബരോഗ്യകേന്ദ്രം, ഐ.സി.ഡി.എസ്, കുടുംബശ്രീ, ആനാപ്പുഴ നിവാസികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.