കിലയുടെ നേതൃത്വത്തില്‍ പറപ്പൂക്കര പഞ്ചായത്തില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കാന്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ വീക്ഷിക്കാനും ഝാര്‍ഖണ്ഡില്‍ നിന്ന് 20 പേരടങ്ങുന്ന സംഘം എത്തി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, സെക്രട്ടറി ജി. സബിത എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.

ഗ്രാമപഞ്ചായത്ത് ഓഫീസ്, നെടുമ്പാള്‍ മാതൃകാ അങ്കണവാടി, നന്തിക്കര ഹൈസ്‌കൂള്‍, പന്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, തൊഴിലുറപ്പ് പണികള്‍ എന്നിവ സംഘം സന്ദര്‍ശിച്ചു. ഝാര്‍ഖണ്‍ഡിലെ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പറപ്പൂക്കര പഞ്ചായത്തിലെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിനിധികള്‍ അഭിനന്ദനം അറിയിച്ചു. ഉച്ചയ്ക്ക് വാഴയിലയില്‍ കേരള സദ്യ കഴിച്ചാണ് സംഘം മടങ്ങിയത്. പറപ്പൂക്കര പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരും പഞ്ചായത്ത് പ്രതിനിധികളും കൂടെ ഉണ്ടായിരുന്നു.