മാരിടൈം കോളേജില്‍ പുതിയ കോഴ്സുകള്‍ക്ക് തുടക്കമായി

മാരിടൈം പരിശീലന കേന്ദ്രങ്ങള്‍ ഗുജറാത്തിലും ചൈന്നെയിലുമുള്ള മാരിടൈം യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് കപ്പല്‍ ഗതാഗതം, മാരിടൈം നിയമം, മാരിടൈം മാനേജ്‌മെന്റ് എന്നി കോഴ്‌സുകള്‍ നടത്തുകയും ഭാവിയില്‍ ലോകത്തിന് തന്നെ മാതൃകയായി മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അഴീക്കോട് മാരിടൈം കോളേജില്‍ ഉള്‍നാടന്‍ ജലഗതാഗത നിയമപ്രകാരം പരിഷ്‌കരിച്ച ഐ.വി. (ഇന്‍ലാന്‍ഡ് വെസ്സല്‍) റൂള്‍ പ്രകാരമുള്ള കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വലിയ കരുത്ത് പകരുന്ന നൂതന ആശയങ്ങളും പദ്ധതികളും മാരിടൈം ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. തുറമുഖങ്ങളെ അടിസ്ഥാനമാക്കി തീരദേശ മേഖലയെ സംസ്ഥാനത്തിന്റെ ആകെ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മേഖലയാണ് തുറമുഖങ്ങളെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു.

വാണിജ്യ ആവശ്യത്തിന് വിഴിഞ്ഞം തുറമുഖം തുറന്ന് കൊടുക്കുന്നതോടെ തീരദേശത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സാങ്കേതിക വൈദഗ്ധ്യം ഉണ്ടെങ്കില്‍ തുറമുഖം, കപ്പല്‍ എന്നിവിടങ്ങളില്‍ ജോലി സാധ്യത ഉറപ്പാണ്. രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസന സാധ്യതകളില്‍ തുറമുഖവും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും ഇനിയുള്ള നാളുകളില്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു. അതിനോടൊപ്പം പ്രാധാന്യമുള്ളതാണ് ഉള്‍നാടന്‍ ജലഗതാഗതവും ചരക്കു നീക്കവും, ഹൗസ് ബോട്ട് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങളുമെന്നും തദ്ദേശീയരായ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന മേഖലയാണിതെന്നും മന്ത്രി പറഞ്ഞു.

ഈ രംഗത്ത് പരിജ്ഞാനമുള്ളവരെ കൊണ്ടുവരണമെന്നാണ് വകുപ്പിന്റെ തിരുമാനം. അതാണ് ഇത്തരം കോഴ്‌സുകള്‍ നടപ്പാക്കുന്നത്. ജലഗതാഗത യാനങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വൈദഗ്ധ്യവും നിര്‍ബന്ധമാണ്. ഈ അടിയന്തിര സാഹചര്യം പരിഗണിച്ചാണ് മാരിടൈമിലൂടെ കോഴ്‌സുകള്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചിലെ മാരിടൈം അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിലും ഉള്‍നാടന്‍ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വര്‍ദ്ധിച്ച് വരുന്ന തൊഴിലവസരങ്ങള്‍ക്ക് സാധ്യത നല്‍കുന്ന പ്രൊഫഷണല്‍ യോഗ്യതയുള്ള വിദഗ്ധരെ വാര്‍ത്തെടുക്കാനും പരിശീലനങ്ങള്‍ നല്‍കാനുമാണ് പുതിയ കോഴ്സുകള്‍ അനുവദിച്ചിരിക്കുന്നത്.

ചടങ്ങില്‍ ഏറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുഗതാ ശശിധരന്‍, കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൗഷാദ് കറുകപ്പാടത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുമിത ഷാജി, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ശിവശങ്കരപ്പിള്ള, മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷൈന്‍ എ. ഹഖ്, മാരിടൈം ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. എം.പി. ഷിബു, അഡ്വ. സുനില്‍ ഹരീന്ദ്രന്‍, വി.സി. മധു, കാസിം ഇരിക്കൂര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.