സംരംഭകത്വ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം: മന്ത്രി ഡോ. ആര്‍. ബിന്ദു

സംരംഭകത്വ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന കോഴ്‌സുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പോളിടെക്‌നിക് കോളേജുകള്‍ മുന്നോട്ട് വരണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ നവീകരിച്ച ലൈബ്രറിയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതി പോളി ടെക്‌നിക് കോളേജുകളില്‍ നടപ്പാക്കണമെന്നും തൊഴിലുല്‍പ്പാദന ഇടമായി ക്യാമ്പസുകളെ മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രവൃത്തിയിലൂടെ പഠനവും അതുവഴി സമ്പാദ്യവുമെന്ന രീതിയിലേക്ക് മാറി നൂതന ആശയങ്ങള്‍ സമൂഹത്തിനായി പ്രയോജനപ്പെടുത്തണം. അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക് നിലവാരത്തിനും പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ വകുപ്പിന്റെ 2018 – 19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് വായനാശാലയൊരുക്കിയിട്ടുള്ളത്.ഇരു നിലകളിലായായാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. നാല് കോടി രൂപ വിനിയോഗിച്ച് ഇരു നിലകളിലായാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്.

ചടങ്ങില്‍ എ.സി. മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, കലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗം ടി.കെ. വാസു എന്നിവര്‍ മുഖ്യാതിഥികളായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ എം. രാമചന്ദ്രന്‍ സ്വാഗതവും പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് കെ.ബി. സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ വി.കെ. ശ്രീമാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.