വികസന നിറവില്‍ കോങ്ങാട്…

പത്തിരിപ്പാല ഗവണ്‍മെന്റ് കോളെജ്, പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക്, പാമ്പന്‍തോട്, വെള്ളത്തോട് പ്രദേശത്തെ 92 ആദിവാസി വിഭാഗം കുടുംബങ്ങള്‍ക്ക് ഭവനം, പത്തിരിപ്പാല ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം എന്നിങ്ങനെ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലായി സമഗ്ര മേഖലകളിലും സ്പര്‍ശിച്ച വികസന നിറവിലാണ് കോങ്ങാട്. പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ലെഫ്‌റ്റേണല്‍ കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ഓര്‍മ്മയ്ക്കായി 11.48 കോടി രൂപ ചെലവില്‍ പുതിയ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി.

റോഡ് കാരകുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു. പാമ്പന്‍തോട്, വെള്ളത്തോട് പ്രദേശത്തെ ആദിവാസി വിഭാഗത്തിലുള്ള 92 കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരളയുടെ നേതൃത്വത്തില്‍ 11.07 കോടി ഫണ്ടില്‍  ഭവനമൊരുങ്ങി. റീ ബില്‍ഡ് കേരളയുടെ ഭാഗമായി 10 ലക്ഷത്തില്‍ പുറമേ ഓരോ വീടിനും കെ. ശാന്തകുമാരി എം.എല്‍.എയുടെ ഇടപെടലിലൂടെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ലഭ്യമാക്കിയ രണ്ട് ലക്ഷവും ഉള്‍പ്പെടുത്തിയുള്ള 12 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. 2018 ലെ  മഹാ പ്രളയത്തെ തുടര്‍ന്ന്  പാമ്പന്‍തോട് കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ വാസസ്ഥലം നഷ്ടമായവര്‍ക്കാണ് ഭവനം ഒരുങ്ങിയത്.

വിദ്യാ വികാസ് പദ്ധതി മുഖേന പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്ഥ്യമായി. കിഫ്ബിയുടെ 6.58 കോടി ചെലവില്‍ 1.75 ഏക്കറിലാണ് സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചത്. ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ച് 25 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയുമുള്ള അഞ്ചു വരി ട്രാക്ക് നീന്തല്‍ കുളം, ഓസ്‌ട്രേലിയന്‍ സാങ്കേതികവിദ്യയില്‍ ഹാമര്‍ ത്രോ കോര്‍ട്ട്, ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടറഫില്‍ 200 മീറ്ററിന്റെ ആറുവരി സിന്തറ്റിക് ട്രാക്ക് എന്നിവ സജ്ജീകരിച്ചു. സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനുള്ള മൈതാനം, 100 മീറ്ററിന്റെ ട്രാക്ക്, പോള്‍ വാള്‍ട്ടിനും ജമ്പിങ്ങിനുമുള്ള പിറ്റും സജ്ജീകരിച്ചിട്ടുണ്ട്.

കിഫ്ബിയില്‍ നിന്നും അഞ്ച് കോടി ചെലവില്‍ പത്തിരിപ്പാല ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കി. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഡ ആകൃതിയില്‍ രണ്ട് നിലകളിലായി  20,647 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ യു.പി, ഹൈസ്‌കൂള്‍ ബ്ലോക്ക്. ബ്ലോക്കില്‍ മെസ്സ് ഹാള്‍, കിച്ചന്‍, ലൈബ്രറി കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, സ്റ്റാഫ് റൂം, എച്ച്.എം റൂം, 11 ക്ലാസ് മുറികള്‍, രണ്ട് ലബോറട്ടറികള്‍, ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ബോയ്‌സ് ടോയ്ലറ്റ്, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റ് എന്നിവയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ പുതിയ കെട്ടിടത്തിനായി ബഡ്ജറ്റില്‍ നിന്നും മൂന്നു കോടിയാണ് അനുവദിച്ചത്.

കോങ്ങാട് മണ്ഡലത്തിലെ ആദ്യ സര്‍ക്കാര്‍ കോളെജാണ് പത്തിരിപ്പാല ഗവ കോളെജ്. മുന്‍ എം.എല്‍.എ കെ.വി വിജയദാസിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി ചെലവില്‍ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പത്തിരിപ്പാല ഗവ കോളെജ് നിര്‍മ്മിച്ചിരിക്കുന്നത്. നാലുനില കെട്ടിടത്തില്‍ ഒന്‍പത് ക്ലാസ് മുറികളും ഒരു സെമിനാര്‍ ഹാളും പുറത്ത് ഒരു ഓപ്പണ്‍ ഓഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്. ഈ കോളെജിലെ പുതിയ കെട്ടിടത്തിനായി 1.60 കോടി രൂപ എം.എല്‍.എ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ രണ്ട് ഘട്ടങ്ങളിലായി 50 ലക്ഷം രൂപ ചെലവില്‍ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ സ്മരണാര്‍ത്ഥം കേരളശ്ശേരിയില്‍ സാംസ്‌കാരിക നിലയം പൂര്‍ത്തിയാക്കി. 26 ലക്ഷം രൂപ ചെലവിട്ട് ആദ്യഘട്ടത്തില്‍ 1200 ചതുര അടിയില്‍ താഴത്തെ നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒടുവില്‍ ഫൗണ്ടേഷന്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാരകം പ്രദേശവാസികളുടെ കാലാവാസന പ്രോത്സാഹിപ്പിക്കുന്നതിനും തായമ്പക, നാടകം, ഭരതനാട്യം തുടങ്ങിയ കലകള്‍ പരിശീലിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്നു. എം.എല്‍.എ ആസ്തി ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് രണ്ടാംഘട്ട പ്രവര്‍ത്തി ആരംഭിക്കും.

കൂടാതെ 1.40 കോടി ചെലവില്‍ കോങ്ങാട് ജി.യു.പി സ്‌കൂളിലെ പുതിയ കെട്ടിടം,80 ലക്ഷം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടി കോങ്ങാട് പോലീസ് സ്റ്റേഷന്‍, 30 ലക്ഷം രൂപ ചെലവില്‍ പറളി പഞ്ചായത്തിലെ രണ്ടു ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തലപ്പറ്റ കനാല്‍ പാലം, 25 ലക്ഷം രൂപ ചെലവില്‍ മണിക്കശ്ശേരിയില്‍ എം.സി സ്മാരക വായനശാല,
25 ലക്ഷം രൂപ ചെലവില്‍ മങ്കര റെയില്‍വേ സ്റ്റേഷന്‍ അങ്കണവാടിയും സാംസ്‌കാരിക നിലയവും, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 21.5 ലക്ഷം രൂപ ചെലവില്‍ മങ്കര പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ 55 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്ന കുടിവെള്ള പദ്ധതി, കിഫ്ബി പദ്ധതി മുഖേന എടത്തറ ജി.യു.പി സ്‌കൂളിന് രണ്ട് കെട്ടിടങ്ങള്‍, കോങ്ങാട് ടൗണിന് സമീപത്തായി 40 സെന്റ് സ്ഥലത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ എന്നിവയും പൂര്‍ത്തിയായ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.   കൂടാതെ കിഫ്ബി മുഖേന ആറു കോടി ചെലവില്‍ കാരകുറിശ്ശി എഴുത്തുംപാറ പാലം, 12 കോടി ചെലവില്‍ പറളി ഓടന്നൂര്‍ പാലം, 10 കോടി ചെലവില്‍ പറളി പാലം മൂന്ന് കോടി ചെലവില്‍ മങ്കര ജി.വി.എച്ച്.എസ്.എസ്  സ്‌കൂള്‍ കെട്ടിടം,  മൂന്ന് കോടി ചെലവില്‍ കരിമ്പ ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ കെട്ടിടം, മൂന്നു കോടി ചെലവില്‍ ജി.വി.എച്ച്.എസ്.എസ് പൊറ്റശ്ശേരി സ്‌കൂള്‍ കെട്ടിടം, മൂന്ന് കോടി ചെലവില്‍ കോങ്ങാട് ജി.യു.പി.എസ് സ്‌കൂള്‍ കെട്ടിടം, 54 കോടി ചെലവില്‍ മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ്, 34 കോടി ചെലവില്‍ ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡ് നവീകരണം തുടങ്ങിയവ പുരോഗമിക്കുന്നു.

കോങ്ങാട് നിയോജക മണ്ഡലത്തില്‍ നവകേരള സദസ് ഡിസംബര്‍ രണ്ടിന്

മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ്സ് നവകേരള സദസ് കോങ്ങാട് നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ രണ്ടിന് വൈകീട്ട് നാലിന് കോങ്ങാട് ടൗണില്‍ നടക്കും. ഇതിനു മുന്നോടിയായി പഞ്ചായത്ത് തല- ബൂത്ത് തല യോഗങ്ങള്‍, വീട്ടുമുറ്റ സദസ് എന്നിവ നടക്കും.