കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഓങ്ങല്ലൂര്‍ മിനി വൈദ്യുത ഭവനം, വല്ലപ്പുഴ ബഡ്‌സ് സ്‌കൂള്‍, കൊപ്പം ടൗണ്‍ നവീകരണം, പട്ടാമ്പി ബൈപാസ് നിര്‍മ്മാണം, 110 കെ.വി സബ് സ്റ്റേഷന്‍ തുടങ്ങി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ സമസ്ത മേഖലകളിലും സ്പര്‍ശിച്ച് പട്ടാമ്പി വികസന പാതയിലാണ്.

ഭിന്നശേഷി മേഖലയ്ക്ക് മികച്ച പരിഗണനയാണ് പട്ടാമ്പി മണ്ഡലത്തില്‍ നല്‍കിയിട്ടുള്ളത്. 1.5 കോടിയില്‍ കേരളത്തിലെ ഏറ്റവും വലിയ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ വല്ലപ്പുഴയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. മൂന്ന് ക്ലാസ് മുറികള്‍, അടുക്കള, ഡൈനിങ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികള്‍, വരാന്ത, വര്‍ക്കിങ് ഷെഡ്, കൗണ്‍സിലിങ്, ഓഫീസ് മുറികള്‍, റാംപ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മണ്ഡലത്തില്‍ വിളയൂര്‍ ബഡ്സ് സ്‌കൂളിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

20.6 കോടിയില്‍ പട്ടാമ്പി കിഴായൂരില്‍ രണ്ട് ഏക്കറില്‍ 110 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ പട്ടാമ്പി, മുതുതല, ഓങ്ങല്ലൂര്‍ പ്രദേശങ്ങളിലെ വൈദ്യുതി തടസത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമായി. 50,000 ത്തോളം ഉപഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുക. പട്ടാമ്പി ഇലക്ട്രിക്കല്‍ ഡിവിഷന്‍, സബ് ഡിവിഷന്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു കോടിയില്‍ പട്ടാമ്പി-ഓങ്ങല്ലൂര്‍ മിനി വൈദ്യുതി ഭവനം നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. 5000 ചതുരശ്രയടിയില്‍ ഒരു കോടി ചെലവിലാണ് വൈദ്യുത ഭവനം നിര്‍മ്മിച്ചിരിക്കുന്നത്.

ഇക്കാലയളവില്‍ 2.70 കോടിയില്‍ കൊപ്പം, വിളയൂര്‍, കുലുക്കല്ലൂര്‍, ഓങ്ങല്ലൂര്‍ 1, തിരുവേഗപ്പുറ, മുതുതല വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി. വല്ലപ്പുഴ, ഓങ്ങല്ലൂര്‍ 2 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ സഹായകരമാകും. ഇരിപ്പിടങ്ങള്‍, കുടിവെള്ള സൗകര്യം, റാംപ് സൗകര്യം, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, മുലയൂട്ടല്‍ മുറി തുടങ്ങിയ സൗകര്യങ്ങളും വില്ലേജ് ഓഫീസുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

90 കോടിയില്‍ മണ്ഡലത്തില്‍ വിവിധ സ്‌കൂളുകള്‍, ശ്രീ നീലകണ്ഠ ഗവ സംസ്‌കൃത കോളെജ് എന്നിവയുടെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കി. കോളെജില്‍ സയന്‍സ് ബ്ലോക്ക് പൂര്‍ത്തിയായി. എം.എസ്.സി സുവോളജി കോഴ്സ് വന്നു. ഐ.ടി ലാബ്, ഓപ്പണ്‍ ഓഡിറ്റോറിയം, പ്രൗഢമായ കവാടം, കോളേജ് ബസ് എന്നിവ ഈ കാലയളവില്‍ കോളെജില്‍ യാഥാര്‍ത്ഥ്യമാക്കി. 160 കോടിയില്‍ വിവിധ പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണം സാധ്യമാക്കി. പട്ടാമ്പി-പുലാമന്തോള്‍, വണ്ടുംതറ -ഇട്ടകടവ്, കരിങ്ങനാട് – പ്രഭാപുരം, വല്ലപ്പുഴ-മുളയങ്കാവ്, വല്ലപ്പുഴ-വാണിയംകുളം, ഓങ്ങല്ലൂര്‍-കാരക്കാട്-വാടാനാംകുറുശ്ശി, മുതുതല-കാരക്കുത്ത്, നടുവട്ടം-കൂരാച്ചിപ്പടി, നെല്ലായ-മപ്പാട്ടുകര, കൊപ്പം-വളാഞ്ചേരി എന്നീ റോഡുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.

ഇതോടൊപ്പം 82.85 കോടിയില്‍ പട്ടാമ്പി കുളപ്പുള്ളി റോഡ് പുനരുദ്ധാരണം
66.94 കോടിയില്‍ മുതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ്
30 കോടിയില്‍ വാടനാംകുറിശ്ശി റെയില്‍വേ മേല്‍പ്പാലം
9 കോടിയില്‍ പട്ടാമ്പി മുന്‍സിപ്പല്‍ ടവര്‍
1 കോടിയില്‍ പട്ടാമ്പി ടൗണ്‍ പാര്‍ക്ക് എന്നിവ പുരോമിക്കുകയാണ്.

നവകേരള സദസ് പട്ടാമ്പിയില്‍ ഡിസംബര്‍ ഒന്നിന്

നവകേരള സദസ് പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ഒന്നിന് വൈകീട്ട് മൂന്നിന് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളെജില്‍ നടക്കും. ഇതിനു മുന്നോടിയായി പഞ്ചായത്ത് തല-ബൂത്ത് തല യോഗങ്ങള്‍, വീട്ടുമുറ്റ സദസ് എന്നിവ നടക്കും.