• കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ഏകജാലക സംവിധാനം വഴി പ്രവേശനം -നടപടി അടുത്ത അധ്യയന വര്‍ഷം മുതല്‍
• പഠനത്തോടൊപ്പം സമ്പാദ്യവും പദ്ധതി – അഭിമന്യുവിന്റെ പേരില്‍ മഹാരാജാസില്‍ തുടങ്ങാന്‍ മന്ത്രിയുടെ നിര്‍ദേശം
കൊച്ചി: മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൂടുതല്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. മഹാരാജാസ് കോളേജില്‍ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനായി ധനതത്വശാസ്ത്ര വിഭാഗം ഓണേഴ്സ് ബിരുദ കോഴ്സിനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെയും അക്കാദമിക് സമുച്ചയത്തിന്റെയും ശിലാസ്ഥാപന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ കോളേജുകളില്‍ നിലവിലുള്ള സീറ്റുകള്‍ക്കു പുറമേ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും. പുതിയ കോഴ്സുകളും സര്‍ക്കാര്‍ മേഖലയിലാണ് അനുവദിക്കേണ്ടത്. വിദേശ വിദ്യാര്‍ഥികളെയും ഇതര സംസ്ഥാന വിദ്യാര്‍ഥികളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒരു സര്‍വകലാശാലയ്ക്ക് കീഴില്‍ 100 വിദേശ വിദ്യാര്‍ഥികളെങ്കിലുമുണ്ടാകണം എന്നാണ് ലക്ഷ്യം. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തന്നെ പഠിക്കുന്ന സാഹചര്യമുണ്ടാകണം. കേരളത്തിലെ വിദ്യാലയങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സുരക്ഷിതമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് അടുത്ത വര്‍ഷം മുതല്‍ ക്യാംപെയ്ന് സംഘടിപ്പിക്കും. മത, ജാതി, വേര്‍തിരിവുകള്‍ കേരളത്തിലെ കോളേജുകളിലില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനാണ് പ്രചാരണം നടത്തുന്നത്.
ഒറ്റ അപേക്ഷ നല്കി കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും കോളേജുകളില്‍ പ്രവേശനം നേടുന്ന സംവിധാനം നടപ്പിലാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകജാലക സംവിധാനം വഴി വിദ്യാര്‍ഥികള്‍ക്ക് യഥേഷ്ടം പ്രവേശനം ലഭിക്കുന്നതിന് സൗകര്യമൊരുക്കും.
55,000 ത്തോളം എന്‍ജിനീയറിംഗ് സീറ്റുകളില്‍ 50% ഒഴിഞ്ഞുകിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പകുതി അപേക്ഷകര്‍ മാത്രമേ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പ്രവേശന പരീക്ഷ എഴുതുന്നൂള്ളൂ. 12 കോളേജുകള്‍ മാത്രമുള്ള സമയത്താണ് എന്‍ട്രന്‍സ് പരീക്ഷ ആരംഭിക്കുന്നത്. പോളിടെക്നിക്കുകളില്‍ മറ്റു കോളേജുകളിലും പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എന്‍ട്രന്‍സ് പരീക്ഷാ സംവിധാനത്തെക്കുറിച്ച് പുനരാലോചന നടത്തണമെന്നും മന്ത്രി പറഞ്ഞു. ഒരു സര്‍വകലാശാലയില്‍ പഠിച്ച ശേഷം മറ്റു സര്‍വകലാശാലയില്‍ പ്രവേശനം നേടുന്നതിന് തുല്യത സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന രീതി അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളെയും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളെയും പോലെ സര്‍ക്കാര്‍ കോളേജുകളും പുഷ്ടിപ്പെടുത്തണം. ദേശീയ നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലില്ല. നാക്, എന്‍ഐആര്‍എഫ് പോലുളള ഏജന്‍സികളുടെ റാങ്കിംഗില്‍ കേരളത്തിലെ സര്‍വകലാശാലകളോ കോളേജുകളോ ഇല്ല. മറ്റു പല കാര്യങ്ങളിലും കേരളത്തേക്കാള്‍ പിന്നിലുള്ള സംസ്ഥാനങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ ദേശീയ നിലവാരമുളളവയുണ്ട്. കേരളത്തേപ്പോലെ സുരക്ഷിതമായ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്.
മഹാരാജാസില്‍ കോളേജില്‍ രണ്ട് കോസ്റ്റ് ഷെയറിംഗ് കോഴ്സുകള്‍ റഗുലര്‍ ആക്കുന്നതിന് ധനമന്ത്രിയുമായി സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന്് മന്ത്രി പറഞ്ഞു. സ്വാശ്രയ കോഴ്സുകള്‍ സ്വാശ്രയ കോളേജുകളില്‍ മാത്രമേ ആരംഭിക്കൂ. സര്‍ക്കാര്‍ കോളേജുകളില്‍ സ്വാശ്രയ കോഴ്സുകള്‍ നടത്താന്‍ സര്‍ക്കാരിന് താത്പര്യമില്ല. പഠനത്തോടൊപ്പം സമ്പാദ്യവും സാധ്യമാക്കുന്ന ഏണ് ആന്‍ഡ് ലേണ്‍ പദ്ധതി അഭിമന്യുവിന്റെ പേരില്‍ മഹാരാജാസ് കോളേജില്‍ ആരംഭിക്കുന്നതിന് അധ്യാപക രക്ഷാകര്‍തൃ സമിതിയും കോളേജ് ഗവേണിംഗ് കൗണ്‍സിലും മുന്‍കൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയില്‍ മികവ് പുലര്‍ത്തുന്ന നാലോ അഞ്ചോ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കഴിഞ്ഞ മാസം ദുബായില്‍ നടന്ന ഏഷ്യന്‍ ബെഞ്ച്പ്രസ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ഥി ബിന്‍സി വര്‍ഗീസ്, ഈ മാസം പുനെയില്‍ നടന്ന ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്ട്സ് ചാംപ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിമന്‍സ് വിഭാഗത്തില്‍ നാലാം സ്ഥാനം നേടിയ ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥി ഓഷോ ജിമ്മി എന്നീ വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു. മഹാരാജാസ് കോളേജിന്റെ ഉപഹാരം പ്രിന്‍സിപ്പാള്‍ ഡോ. കെ.എന്‍. കൃഷ്ണകുമാര്‍, ഗവേണിംഗ് കൗണ്‍സില്‍ ചെയര്മാന് പ്രൊഫ. പി.കെ. രവീന്ദ്രന് എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് സമര്‍പ്പിച്ചു.
മഹാരാജാസ് കോളേജിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രീഫാബ് നിര്‍മ്മാണ രീതി അവലംബിച്ചാല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച
ഹൈബി ഈഡന് എം.എല്‍.എ പറഞ്ഞു. മഹാരാജാസിന്റെ പ്രൗഢിയും പൗരാണികതയും നിലനിര്‍ത്തി വേണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പാള്‍ ഡോ. കെ.എന്‍. കൃഷ്ണകുമാര്‍, എം.ജി. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം ഡോ. എം.എസ്. മുരളി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.വി. ജയമോള്‍, ഒ.എസ്.എ പ്രതിനിധി സിഐസിസി ജയചന്ദ്രന്, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ കെ.എസ്. സുനീഷ്, ഡോ. ഷാജില ബീവി, സി.ഡി.സി അംഗം ഡോ. വിനോദ് കുമാര്‍ കല്ലോലിക്കല്‍, സ്റ്റാഫ് അഡൈ്വസര്‍ ഡോ. ടി.വി. സുജ, ധനതത്വശാസ്ത്ര വിഭാഗം മേധാവി സന്തോഷ് ടി. വര്‍ഗീസ്, പി.ടി.എ സെക്രട്ടറി പി.എ. ജാനീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ടി.എസ്. സുനില്‍, കോളേജ് യൂണിയന് ചെയര്മാന് അരുണ്‍ ജഗദീശന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. ഇന്ദു വെല്‍സാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രജിനി പ്രകാശ്, സി.എസ്. ജൂലി ചന്ദ്ര, എ എന്‍ ഒ എന്‍ സി സി- എയര്‍ ഫോഴ്സ് വിംഗ് കെ.എഫ് സജീവ്, എ എന്‍ ഒ എന്‍ സി സി-ആര്‍മി വിംഗ് ബിനോയ് തോമസ്, അസിസ്റ്റന്റ് പ്രൊഫസര്‍ കെ.ജെ. മാര്ട്ടിന് തുടങ്ങിയവര്‍ പങ്കെടുത്തു.