ആരോഗ്യരംഗത്തെ  പ്രവര്‍ത്തന മികവിന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന ആറാമത് ജെ.ആര്‍.ഡി. ടാറ്റ മെമ്മോറിയല്‍ പുരസ്‌കാരം എറണാകുളം ജില്ലയ്ക്കു വേണ്ടി ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഏറ്റുവാങ്ങി. ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍ പുരസ്‌കാരം സമ്മാനിച്ചു. സിക്കിം മുഖ്യമന്ത്രി പവന്‍ ചാംലിങ്ങ് മുഖ്യാതിഥിയായിരുന്നു. പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സിഇഒ ഡോ. കിരണ്‍ കാര്‍ണിക്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുട്രേജ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രസവരക്ഷ, കുടുംബാസൂത്രണം, കുടിവെള്ളം, പരിസര ശുചീകരണം, വനിതകളുടെ വിദ്യാഭ്യാസം, വിവാഹവും പ്രത്യുത്പാദന ശേഷിയും, അനീമിയ, കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും എന്നീ മേഖലകളിലെ 15 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്  എറണാകുളം ജില്ലാ ഭരണകൂടത്തിന് ഈ പുരസ്‌കാരം ലഭിച്ചത്.
ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്ന് നടപ്പാക്കിയ അഞ്ച് പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്.
രണ്ടു ലക്ഷം രൂപയാണ്  പുരസ്‌കാരത്തുക. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിനും എറണാകുളം ഉള്‍പ്പെടെ രാജ്യത്തെ പത്തു ജില്ലകള്‍ക്കുമാണ് വിവിധ രംഗങ്ങളിലെ പ്രവര്‍ത്തന നേട്ടത്തിന് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ശൈശവ വിവാഹം പൂര്‍ണമായി ഇല്ലായ്മ ചെയ്തതതിനു പ്രത്യേക അഭിനന്ദനവും എറണാകുളം ജില്ലയ്ക്ക് ചടങ്ങില്‍ ലഭിച്ചു. കേരളത്തില്‍ മുമ്പ് പാലക്കാടിന് ജെ ആര്‍ ഡി ടാറ്റ മെമ്മോറിയല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍ ചടങ്ങില്‍ പ്രഭാഷണം നടത്തി