വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ശിശുദിനാഘോഷം നാളെ (നവംബർ 14) തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി. കെ പ്രശാന്ത് എം.എൽഎ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 2022ലെ ‘ഉജ്ജ്വലബാല്യപുരസ്കാര’ വിതരണവും കുട്ടികളുടെ സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ ‘കോഫി ടേബിൾ’ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വകുപ്പ് ഡയറക്ടർ അഫ്സാന പർവീൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് തുടങ്ങിയവർ പങ്കെടുക്കും.

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ദേശീയ ശിശുദിനമായ നവംബർ 14 മുതൽ സാർവദേശീയ കുട്ടികളുടെ അവകാശ ദിനമായ നവംബർ 20 വരെ വകുപ്പ് സംഘടിപ്പിക്കുന്ന വാരാഘോഷത്തിൽ സംസ്ഥാന ജില്ലാതലങ്ങളിൽ കുട്ടികളുടെ ഉന്നമനത്തിനായുള്ള വിവിധ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും, കുട്ടികളുടെ അവകാശം സംരംക്ഷിക്കുന്നതിനും വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വിവിധങ്ങളായ പ്രചാരണ പരിപാടികൾ, ചൈൽഡ് ഹെൽപ് ലൈൻ സംവിധാനം സംബന്ധിച്ച ബോധവത്കരണം, ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും ജില്ലാതല വാരാഘോഷങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ബാലവേല, ബാലഭിക്ഷാടനം, കുട്ടിക്കടത്ത് മുതലായ സാമൂഹിക വിപത്തുകളിൽ നിന്നുമുള്ള കുട്ടികളുടെ മോചനം എന്നിവയിൽ സമൂഹത്തിന്റെ ശ്രദ്ധ കൊണ്ടുവരുന്നതിനും ശിശുദിനാഘോഷം ലക്ഷ്യം വയ്ക്കുന്നു. വിപുലമായ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി, കുട്ടികളുടെ ബൗദ്ധികവും മാനസികവും വൈകാരികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യം വെച്ച് വ്യത്യസ്ത മേഖകളിൽ പ്രാവീണ്യം തെളിയിച്ച ജില്ലകളിൽ നിന്നുമുള്ള പ്രതിഭകളുടെ പ്രകടനത്തിനുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.