പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മൈലാട്ടുംപാറ വാർഡിൽ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. 1.80 കോടി രൂപയാണ് ചെലവ്.
വിപുലമായ കൃഷിയിലേക്ക് നയിക്കുന്ന പദ്ധതി എട്ടുമാസത്തിൽ പൂർത്തീകരിക്കാൻ ആകുമെന്ന് മന്ത്രി പറഞ്ഞു.
മണലിപ്പുഴയിൽനിന്ന് 60 എച്ച്.പി സബ്മെഴ്സിബിൾ സെൻട്രിഫ്യൂഗൽ മോട്ടോർ ഉപയോഗിച്ച് 45 മീറ്റർ ഉയരത്തിൽ ഒന്നര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളം കയറ്റിയ ശേഷം അവിടെനിന്ന് അഞ്ച് കിലോമീറ്റർ നീളത്തിൽ മൂന്ന് ദിശയിലേക്കും പൈപ്പ് ലൈൻ വലിച്ച് കൃഷിക്ക് വെള്ളം എത്തിക്കുന്നതാണ് പദ്ധതി.
132 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനും നൂറോളം കുടുംബങ്ങൾക്ക് കിണർ റീചാർജിങ്ങിലൂടെ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ചെറുകിട ജലസേചന വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.
പന്ത്രണ്ടാം വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അനിത കെ വി, സുബൈദ അബൂബക്കർ,വാർഡ് മെമ്പർ അനീഷ് എം ജെ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.