കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ്, ‘ടി .ബി. വിമുക്ത വയനാട് പദ്ധതിക്കായി 30 ലക്ഷം രൂപ ആരോഗ്യവകുപ്പിന് കൈമാറുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പു വച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ടി.ബി. അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനും രോഗികള്‍ക്ക് പോഷകാഹാര പിന്തുണ നല്‍കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് കമ്പനി ജില്ലയുമായി കൈകോര്‍ത്തത്.

ടി.ബി. രോഗം നേരത്തെ കണ്ടെത്തുന്നതിനായി മാനന്തവാടി ജില്ലാ ടി.ബി. സെന്ററില്‍ ട്രൂനാറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിനും ചികിത്സ കാലയളവില്‍ മുഴുവന്‍ രോഗികള്‍ക്കും പോഷകാഹാര പിന്തുണ നല്‍കുന്നതിനും വിഭാവനം ചെയ്യുന്ന പദ്ധതി, നാലു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ജില്ലയില്‍ കാന്‍സര്‍ ചികിത്സാനന്തരമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ സ്പെഷ്യലിറ്റി ആശുപത്രിയില്‍ ആധുനിക ഓങ്കോളജി ഫിസിയോതെറാപ്പി റീഹാബിലിറ്റേഷന്‍ സെന്ററും , മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ലാബും സ്ഥാപിക്കുന്നതിനുള്ള 50 ലക്ഷം രൂപ വരുന്ന 2 പദ്ധതികള്‍ക്ക് കൂടി ഫണ്ട് ലഭ്യമാക്കുന്നതിന് കമ്പനി അംഗീകാരം നല്‍കി.

മുന്‍ വര്‍ഷങ്ങളിലായി 5 കോടി രൂപയോളം വയനാടിന്റെ വികസനത്തിനായി ചിലവഴിച്ച മിനിര്‍തന ഷെഡ്യൂള്‍ എ വിഭാഗത്തില്‍ പെടുന്ന കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ്, ജില്ലയുടെ നിയുക്ത പൊതുമേഖലാ കമ്പനികളില്‍ ഉള്‍പ്പെട്ടതാണ്. ജില്ലയുടെ വികസനത്തിന് സി.എസ്.ആര്‍ ഫണ്ട് സ്വരൂപിക്കുന്നതിനായി 2023 ജൂലൈ 14-ന് നടത്തിയ സി.എസ്.ആര്‍ കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ് ജില്ലക്ക് തുക അനുവദിക്കുന്നത്.യോഗത്തില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ് സി.എസ്.ആര്‍ വിങ് ഹെഡ് സമ്പത് കുമാര്‍, ശശീന്ദ്ര ദാസ്, യൂസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ , ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.പ്രിയ സേനന്‍, ജില്ലാ ടി ബി ഓഫീസര്‍ ഡോ. ഷിജിന്‍ ആളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.