സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച് വനിതാ കമ്മീഷന്റെ  ജില്ലാതല വനിതാ സെമിനാര്‍ നടന്നു. വനിതാ കമ്മീഷന്‍ അംഗം ഇന്ദിരാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതിനും  ജീവനെടുക്കുന്നതിനുള്‍പ്പടെ കാരണമാകുന്നു. ലിംഗ നീതിയും സമത്വവും സ്ത്രീകളുടെ അവകാശമാണ്. വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവും അനുഭവവും സ്ത്രീ സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കാന്‍ കഴിയണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.

‘ഉദ്ഘാടനാന്തരം ലിംഗാവബോധം സ്ത്രീകളില്‍’ എന്ന വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഫാക്കല്‍റ്റി അംഗം വീണ പ്രസാദും, ‘സ്ത്രീ സംരക്ഷണ നീയമങ്ങള്‍’ എന്ന വിഷയത്തില്‍ ഫാക്കല്‍റ്റി അഡ്വ. കോകില ബാബുവും ക്ലാസുകള്‍ നയിച്ചു. ഇട്ടിവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ അധ്യക്ഷയായി. ഇട്ടിവ പഞ്ചായത്ത് സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ബേബി ഷീല, വൈസ് ചെയര്‍പേഴ്‌സണ്‍ എം പ്രിയകുമാരി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കുടുംബശ്രീ ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.