പാതയോരങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിരെ നടപടി ശക്തമാക്കാനൊരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. ഇവ പിടിച്ചെടുത്ത് 5000 രൂപ വരെ പിഴയീടാക്കും. പാതയോരങ്ങളിലും കാൽനട യാത്രക്കാർ ഗതാഗതത്തിനുപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയിൽ എന്നിവിടങ്ങളിലും റോഡുകളുടെ സെന്റർ മീഡിയൻ ട്രാഫിക് ഐലന്റ് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയാണ് ഹൈകോടതി നിർദേശ പ്രകാരം നീക്കം ചെയ്യുന്നത്.
ഇതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈൽ മൂത്തേടത്തിന്റെ ചേംബറിൽ യോഗം ചേർന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവർക്കെതിരേയും സർക്കാർ ഉത്തരവ് പാലിക്കാതെ പ്രിന്റിങ് നടത്തിയ സ്ഥാപനങ്ങൾക്കെതിരേയും നോട്ടീസ് നൽകുന്നതിനും ഇത് അവഗണിക്കുന്ന പക്ഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കോടതി നർദേശം നടപ്പാക്കുന്നത് സംബന്ധിച്ച ജില്ലാ തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന പരിധിയിലെ രാഷ്ട്രീയ സംസ്‌കാരിക സാമുദായിക മറ്റ് സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്ത് ബോധവത്കരണം നടത്തും. തദ്ദേശ ഭരണ സ്ഥാപന തലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള കമ്മിറ്റികൾ രണ്ടാഴ്ചയിലൊരിക്കൽ പൊലിസ്, പൊതുമരാമത്ത്, ദേശീയ പാത വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ ഫീൽഡ് പരിശോധന നടത്തും. അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൽ, കൊടി മരങ്ങൾ, ഫ്ളക്സുകൾ മുതലായവ പൊതുമരാമത്ത്, പൊലിസ് എന്നിവരുടെ സഹായത്തോടെ നീക്കം ചെയ്യും.
കൂടാതെ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ ഹോൾഡിംഗ് ഏരിയ കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. ഇവിടെ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാനുള്ള സംവിധാനം ചെയ്യും. കാലാവധി കഴിഞ്ഞാൽ ഉടനെ തന്ന ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ ബന്ധപ്പെട്ടവർ മാറ്റുന്നത് ഉറപ്പുവരുത്തുകയും ചെയ്യും. പൊതുസ്ഥലത്തെന്ന പോലെ സ്വകാര്യ സ്ഥലത്ത് സ്ഥാപിക്കുന്ന ബോർഡുകൾ റോഡ് സുരക്ഷക്ക് തടസ്സമാകുന്നെങ്കിൽ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.
യോഗത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളി, അസിസ്റ്റന്റ് ഡയറക്ടർ പി. ബൈജു, ഡി.വൈ.എസ്.പി കെ.സി ബാബു, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ സി. അനൂപ്, ദേശീയപാത പൊതുമരാമത്ത് വകുപ്പ് ഓവർസിയർ എ. ഫൈസൽ, കോഡൂർ പഞ്ചായത്ത് സെക്രട്ടറി മുധുസൂദനൻ, ക്ലാർക്ക് അഖിൽ പട്ടയിൽ എന്നിവർ പങ്കെടുത്തു.